കർമ്മങ്ങൾക്ക് പ്രതിഫലം കിട്ടും… വൈകിയായാലും.

കർമ്മങ്ങൾക്ക് പ്രതിഫലം കിട്ടും… വൈകിയായാലും.

കുട്ടിക്കാലത്തു‌ പറഞ്ഞുകേട്ട ഒരു കഥയുണ്ട്.
പാൽ വിറ്റു ജീവിക്കുന്ന ഒരാൾ. അങ്ങാടിയിലെത്താൻ അയാൾക്കൊരു പുഴ കടന്നു വേണം പോകാൻ.
ആ യാത്രക്കിടയിൽ അയാൾ പുഴവെള്ളം പാലിൽ ചേർക്കും. ധാരാളം ആളുകൾ പാൽ വാങ്ങുന്നുണ്ട്‌.
അങ്ങനെ ലാഭം കുന്നുകൂടി. അയാൾക്ക് ഒരു മകളുണ്ട്‌. അവളുടെ കല്യാണത്തിനായി ആ പണമെല്ലാം ശേഖരിച്ചു. ഒടുവിൽ കല്യാണമായി. അന്നോളമുള്ള സമ്പാദ്യമെല്ലാമെടുത്ത്‌ അയാൾ നഗരത്തിലേക്ക്‌ പുറപ്പെട്ടു.
ഏറ്റവും വിലയുള്ള പട്ടുവസ്ത്രങ്ങൾ, മുന്തിയ സ്വർണാഭരണങ്ങൾ എല്ലാം വാങ്ങി തിരികെപ്പോന്നു. പുഴക്കരയിലെത്തിയപ്പോൾ നേരിയ മഴത്തുള്ളികൾ പൊടിയുന്നുണ്ടായിരുന്നു.
വേഗം സാധനങ്ങളെല്ലാം കയറ്റി തോണി തുഴഞ്ഞു. നദിയുടെ നടുവിൽ എത്തിയപ്പോൾ കാറ്റും മഴയും കനത്തു. ആർത്തുപെയ്ത മഴയിൽ തോണി നിറഞ്ഞു.
ആടിയുലഞ്ഞ തോണി അധികം വൈകാതെ തലകീഴായി മറിഞ്ഞു.
അയാളുടെ സ്വപ്നങ്ങളുടെ ഭാണ്ഡം പുഴയിലേക്ക്‌ താണു.
മഴയ്ക്കൊപ്പം ആർത്തുപെയ്ത അയാളുടെ കണ്ണീരു കാണാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.”

വെള്ളത്തിൽ നിന്നും ഉണ്ടായത്‌ വെള്ളത്തിലേക്കു തന്നെ പോയി.
പാലിൽ പുഴവെള്ളം‌ ചേർത്തത്‌ മനുഷ്യരാരും കണ്ടില്ല.
പുഴയെ സൃഷ്ടിച്ചവൻ കണ്ടു.
അവൻ പുഴകൊണ്ടു തന്നെ അതിന് മറുപടിയും കൊടുത്തു.

അതെ…
ആദ്യം പ്രാവ്‌ ഉറുമ്പിനെ തിന്നും. പിന്നെ ഉറുമ്പ്‌ പ്രാവിനെ തിന്നും. കാലംകൊണ്ടാണ്‌ ഈശ്വരൻ രണ്ടിനും അവസരം ഒരുക്കുന്നത്‌.‌‌

നാളെ‌ നിരാശ ഉണ്ടാകാൻ സാധ്യതയുളളതിനെ ഇന്നുതന്നെ ഒഴിവാക്കുന്നതാണ്‌ വിവേകമുള്ളവരുടെ വഴി.
തിന്മകൾ തീ തന്നെയാണ്‌. അരികിൽച്ചെന്നാലും ചൂടേൽക്കും. ആളിക്കത്തിയാലും ചൂടേൽക്കും.
നന്മയെ അതിയായി സ്നേഹിക്കുന്നൊരാൾ അതിനുവേണ്ടി ഏതു തിന്മയേയും ഒഴിവാക്കുക തന്നെ വേണം.

നമ്മൾ ഏതൊരു കർമം ചെയ്യുമ്പോഴും അറിയണം; നാമൊരു വിത്ത്‌ നടുകയാണെന്നും, അതു മുളച്ച്‌ ചെടിയും മരവും ആയിത്തീരും എന്നതും,
അതിന്റെ ഫലം അത് കയ്പ്പായാലും, മധുരം ആയാലും നമ്മിലേക്ക് തന്നെ വന്നുചേരും എന്നതും… കയ്പേറിയതായ ഈ സത്യത്തെ ഒരിക്കലും നമ്മൾ വിസ്മരിച്ചു പോകരുത്.

അതെ, നമുക്ക് ചെയ്യാവുന്ന ഒരു കുഞ്ഞുകാര്യം ഇത്രയേ ഉള്ളൂ.
നമ്മളാൽ വേദനിച്ച മനുഷ്യരുടെ മുന്നിൽച്ചെന്ന് ഹൃദയം കൊണ്ട് മാപ്പുചോദിക്കുക. ദ്രോഹിച്ചവൻ കഥയൊക്കെ മറന്ന് വീണ്ടും അത് തുടർന്നു കൊണ്ടേയിരിക്കും. പക്ഷേ വേദനിച്ചവന്റെ ഹൃദയത്തിൽ അപ്പോഴും കനൽ അടങ്ങിയിട്ടുണ്ടാവില്ല..!

സ്വന്തം വിലാസത്തിൽ സ്വയം എഴുതുന്ന കത്തുകളാണ്‌ നമ്മൾ ചെയ്തുവെക്കുന്ന ഓരോ കർമ്മങ്ങളും. അവയെല്ലൊം ഒരിക്കൽ കൃത്യമായി നമ്മുടെയരികിലേക്ക് തിരികെ എത്തുക തന്നെ ചെയ്യും. ഇത് പ്രപഞ്ച സത്യമാണ്.

✍️ മുജീബുല്ല KM
സിജി ഇൻറർനാഷനൽ
കരിയർ R&D ടീം
www.cigii.org