നമ്മുടെ മക്കൾ ഇടക്കിടെ തോൽക്കാനും പഠിക്കട്ടെ… അത് വിജയത്തിലേക്കുള്ള ചുവട്ടു പടിയായി മാറീടും.

ചില സംഭവങ്ങളിലൂടെ നമുക്ക് കാര്യങ്ങളിലേക്ക് പോകാം.
ഒരു ഹൈ-സൊസൈറ്റി സ്റ്റാറ്റസുകളിൽപെട്ട വീടുകളിലൊന്നിലെ രണ്ടു മക്കള്‍.
ഒരാള്‍ പഠനത്തില്‍ അതിസമര്‍ത്ഥന്‍. മറ്റയാള്‍ പല പരീക്ഷകള്‍ക്കും തോല്‍ക്കുന്നവനും. വീട്ടില്‍ മാതാപിതാക്കള്‍ എന്നും ഇതേ ചൊല്ലി ശകാരവും കുറ്റപ്പെടുത്തലും. ജ്യേഷ്ഠനാണെങ്കിലും അനിയനൊരു പരിഹാസപാത്രം. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ അവനെ രണ്ടാം തരക്കാരനാക്കി. എവിടെയും ജ്യേഷ്ഠനു പ്രഥമസ്ഥാനം.
ചിത്രം വരക്കാനും കളിമണ്‍ രൂപങ്ങളുണ്ടാക്കാനും ഒക്കെയുള്ള ഈ ‘മണ്ടന്‍റെ’ മിടുക്കുകളെ ആരും കാര്യമായി എടുത്തതേയില്ല.

പരീക്ഷയില്‍ തോല്‍ക്കുന്നത് ഇത്ര വലിയ കുറ്റമാണോ? അപമാനമാണോ?

ഒരു പഴയ സിനിമാക്കഥയിലൂടെ…. ശാരദയാണ് നായിക. വിധവയായ അവരുടെ മകന്‍ ബാബുമോന്‍ ഒരു പ്രൈമറി സ്കൂളില്‍ പഠിക്കുന്നു. പഠിക്കുവാന്‍ മിടുക്കന്‍. എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്കും കിട്ടും.
ഒരു പരീക്ഷക്ക് അവന്‍ ഒരു ചോദ്യത്തിന് ഉത്തരം എഴുതിയില്ല. അമ്മ ചോദിച്ചു എന്തേ ഇതെഴുതിയില്ല. നിനക്ക് ഇത് അറിയാമായിരുന്നതല്ലേ?
ബാബുമോന്‍ തലകുനിച്ചു നിന്നു. പിന്നീടാണ് അതിന്‍റെ രഹസ്യം അമ്മ അറിയുന്നത്. എന്താണെന്നല്ലേ? തന്‍റെ ക്ലാസ്സിലെ ദരിദ്രനായ രണ്ടാം സ്ഥാനക്കാരന് ഒന്നാം സ്ഥാനം ലഭിക്കാനും, അതുമൂലം അവന്‍ പഠനത്തിനുള്ള സ്കോളര്‍ഷിപ്പു നേടാനും വേണ്ടി തോറ്റു കൊടുത്തതാണ് ബാബു.
ഇവിടെ ആരാണ് പരാജിതന്‍?
ആരാണു വിജയി?

ആത്മാര്‍ത്ഥതയുള്ള പരിശ്രമങ്ങൾ ആണ് എന്നും ആദരിക്കപ്പെടേണ്ടത്. കാരണം, തോല്‍ക്കാന്‍ ആളുണ്ടെങ്കിലേ നമുക്കും മക്കൾക്കും വിജയി ആകാന്‍ കഴിയൂ.
പക്ഷേ, പരിശ്രമിക്കുന്നവന്‍ അവനവനോടുതന്നെ മത്സരിച്ച് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തി (ഗ്രേറ്റ് പേഴ്‌സണാലിറ്റി) ആകുന്നു.

സ്വാധീനവും പണവും പക്ഷം പിടിക്കലും, കുത്തിത്തിരുപ്പും, കുതികാൽവെട്ടും കൊണ്ട് വിജയം നേടുന്നവര്‍, അത് വലിയ ആഘോഷമാക്കുന്നത് എന്തിനുവേണ്ടിയാണ്?
നാട്ടുകാരെ കാണിക്കാന്‍ അല്ലേ?
പലവട്ടം പരിശ്രമിച്ച്, പലതരത്തിലുള്ള തോൽവികള്‍ നേരിട്ട്, ഒടുവിലൊരുനാള്‍ നേടുന്നതാണ് വിജയം എങ്കില്‍….. ആ വിജയി ഒരിക്കലും അഹങ്കരിക്കില്ല.
മാത്രവുമല്ല, പരാജിതരെക്കൂടി തന്‍റെ സന്തോഷത്തില്‍ പങ്കുചേര്‍ക്കുകയും ചെയ്യും….
അവരെ വളര്‍ത്താനും ശ്രമിക്കും.

ലോകത്തില്‍ ഏറ്റവും മൂല്യമേറിയത് നമ്മുടെ സമയം തന്നെയാണ്. കഴിഞ്ഞുപോയ സമയമൊന്നും ആര്‍ക്കും തിരിച്ചുപിടിക്കാനാകില്ല.
ആയുസ്സു കഴിഞ്ഞുള്ള സമയം ഉപയോഗിക്കാനും കഴിയില്ല.
അപ്പോള്‍ ശ്രദ്ധാപൂര്‍വ്വമുള്ള സമയത്തിന്‍റെ വിനിമയമല്ലേ ഏറ്റവും മൂല്യമുള്ള കാര്യം.
പണവും അധികാരവും, വിജയവുമെല്ലാം സമയത്തിന്‍റെ മുമ്പില്‍ നിസ്സാരമല്ലേ?
ഒരാള്‍ തന്‍റെ ജീവിതത്തിന്‍റെ എത്ര സമയം, സൃഷ്ടിപരമായി ഉപയോഗപ്പെടുത്തി എന്നതല്ലേ പ്രധാനം.
ജീവിതത്തിൽ സംശുദ്ധരായിരുന്നവർ തങ്ങളുടെ സമയം പരമാവധി നന്മ ചെയ്യുവാന്‍ വേണ്ടി മാറ്റിവച്ചവരായിരുന്നു.
വൃക്ഷം അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ പകരും പോലെ നന്മ പ്രവര്‍ത്തികള്‍ ചുറ്റുപാടിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം പകരുന്നു.
അതാണ്, അതു മാത്രമാണ് ഒരു മനുഷ്യന്‍ ഭൂമിയില്‍ ചെയ്യേണ്ടതും.

നമ്മുടെ കുഞ്ഞുങ്ങളിലേക്ക് ഈ അറിവ് നമുക്കു പകര്‍ന്നു നല്കാനാവണം.
ഒരു കുഞ്ഞു പ്രാര്‍ത്ഥന, ഒരു പുഞ്ചിരി, വഴിയിലെ മാലിന്യങ്ങളെ മാറ്റൽ, ഒരു കൈത്താങ്ങ്…… ഇതൊക്കെയും ഓരോ നന്മയാണ്. നാലാളറിയാനും, കേമത്തം കാട്ടാനും വേണ്ടി ചെയ്യുന്നതൊന്നും നന്മയാകുന്നില്ലെന്നും കൂടി പറയാം അവരോട്. കാരണം സ്വാഭാവികമായി മനുഷ്യ മനസ്സില്‍നിന്ന് ഉണരുന്ന സത്പ്രേരണകളാണ് നന്മകളായി പരിണമിക്കുന്നത് എന്ന് പറഞ്ഞ് കൊടുക്കുന്നതോടൊപ്പം നമ്മൾ ചെയ്തും കാണിച്ച് കൊടുക്കണം.

എങ്കിലും വഞ്ചന എന്ന ഭീകരൻ നന്മയുടെ മുഖംമൂടിയണിഞ്ഞു നിഷ്ക്കളങ്കരെ വഴിതെറ്റിക്കാതിരിക്കാനുളള്ള ജാഗ്രതയും ആവശ്യമാണ്. അത്തരം വിവേക പൂര്‍വ്വകമായ, കരുതലും പ്രോത്സാഹനവും കൊണ്ട്, ഏതു കുട്ടിയുടേയും ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ‘യൂണിക്ക്’ ആയ സവിശേഷതകളെ വെളിയില്‍ കൊണ്ടുവരാന്‍ കഴിയും.
ഓടക്കുഴല്‍ സുഷിരങ്ങള്‍ മനോഹര സംഗീതത്തിനു കാരണമാകുന്നതുപോലെ അവരിലെ (കുട്ടിയിലെ) നിമ്നോന്നതികളും (ഉയർച്ച താഴ്‌ചകൾ) അത്ഭുതങ്ങൾ തീര്‍ക്കും.

നമ്മുടെ കുട്ടികളിൽ പരാജിതനായ കുട്ടി എന്നൊരു കുട്ടി ഇല്ല. എല്ലാ കുട്ടികളും വിജയികളാണ്.
മുതിര്‍ന്നവരുടെ വിവരക്കേടുകൊണ്ടാണ് ചില കുട്ടികളെ പരാജിതരെന്നു വിളിച്ച് പിച്ചിക്കീറുന്നത്.
സ്നേഹമുള്ള മാതാപിതാക്കള്‍ക്ക്, ഓട്ടിസം ബാധിച്ച കുട്ടിയില്‍നിന്നും, മറ്റേതു വൈകല്യമുള്ള കുഞ്ഞില്‍നിന്നും, പോസിറ്റീവ് തരംഗങ്ങളെ ചുറ്റുപാടുകളിലേക്കയക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ കഴിയും.
ഹെലന്‍ കെല്ലര്‍ എന്ന ലോകപ്രശസ്ത വ്യക്തിത്വം, അന്ധയും, ബധിരയും, മൂകയുമായിരുന്നു.
അവര്‍ ഒരിക്കലും ഒരു പരാജിതയായിരുന്നില്ല എന്ന് നാമറിയുക.
നമ്മുടെ കുട്ടികളെ അറിഞ്ഞ് അവർക്ക് പോസിറ്റീവ് സ്ട്രോക്ക് നൽകുമ്പോഴാണ് അവർക്ക് അവസരങ്ങൾ എന്തെന്നും, സ്വന്തം കഴിവുകളെന്തെന്നും തിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങാനാകുന്നത്. ഗതിയില്ലാതെ നീങ്ങുന്ന കപ്പല് പോലെ ഒരിക്കലും നമ്മുടെ കുട്ടികളെ വിടരുത്. പരാജയങ്ങൾ സംഭവിക്കുമ്പോൾ നിരാശരാകരുത്, അതിൻ്റെ കാരണങ്ങൾ ചിക്കിച്ചികഞ്ഞ് അവരെ ഡിമോട്ടിവേറ്റ് ചെയ്യരുത്. പരാജയങ്ങൾ വിജയത്തിൻ്റെ ചവിട്ടുപടികളാണെന്ന് പറഞ്ഞ് അവർക്ക് പിന്തുണയേകിയാൽ, അവർ വിജയങ്ങൾ തേടിയാത്രയാകും. നമ്മുടെ കർമ്മങ്ങൾ അത്തരത്തിലാകട്ടെ….

✍️ മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ
കരിയർ R&D ടീം
www.cigii.org