ലക്ഷ്യമുള്ള യാത്രയാവട്ടെ നമ്മുടെ ജീവിതം

ലക്ഷ്യമുള്ള യാത്രയാവട്ടെ നമ്മുടെ ജീവിതം

നമ്മുടെ ജീവിത യാത്രയ്ക്ക്‌ ലക്ഷ്യമുണ്ടാവണം, ആ ലക്ഷ്യത്തെ ഫോക്കസ് ചെയ്ത് തന്നെയാവണം നമ്മുടെ യാത്രയും. പലതരം അഭിപ്രായങ്ങളുമായി യാത്രയെ നിരുൽസാഹപ്പെടുത്താൻ കുറെ കുബുദ്ധികളെ നമുക്ക് ചുറ്റും കണ്ടേക്കാം. അവയെ ഒക്കെ ക്ഷമയോടെ നേരിടുകയും ഇടത് ചെവി കേട്ടത് വലത് ചെവിയിലൂടെ പുറത്ത് കടക്കുന്ന പോലെ കാണുകയും വേണം. അത്തരം അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളിക്കളയുക. എങ്കിൽ ഒരു പ്രതിബന്ധവും ഇല്ലാതെ ലക്ഷ്യസ്ഥാനത്ത് വിജയശ്രീലാളിതനായ് ലാൻ്റ് ചെയ്യാം.

ഒരു ചെറിയ കഥ പറഞ്ഞോട്ടെ…

സാമിൻ്റെ തുണിക്കടയില്‍ പട്ടുതുണി പരിശോധിച്ച കസ്റ്റമറായ പത്മൻ കടക്കാരനായ സാമിനോട് ആരാഞ്ഞു:

“ഇത് നല്ല പട്ടാണോ”

“അതേ സര്‍” സാം വിനയപൂർവ്വം പറഞ്ഞു.

“പക്ഷേ, കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ; നല്ല പട്ടു ഇങ്ങനെയല്ലല്ലോ.” പത്മൻ മറുപടിയായി ഉച്ചത്തിൽ പറഞ്ഞു.

കടക്കാരനായ സാം ഒന്നും പ്രതികരിച്ചില്ല;
പത്മൻ പിന്നെയും തുണി നന്നല്ലെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

“ഏതായാലും 2 മീറ്റര്‍ തുണി മുറിക്കൂ” എന്ന് പത്മൻ പറഞ്ഞു.

സാം പട്ടുതുണി മുറിച്ചു, നന്നായി പാക്ക് ചെയ്ത് വെക്കുമ്പോഴും പത്മൻ പിന്നേയും ചോദിച്ചു:
“നല്ല പട്ടുതന്നെയാണല്ലോ? അല്ലേ?”

“അതേ സര്‍, നല്ല പട്ടു തന്നെയാണിത്.” കടക്കാരനായ സം വളരെ സൗമ്യനായി പറഞ്ഞു.

“പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല; ഇനി വേറെയെവിടെയും പോവാന്‍ സമയമില്ല; അതുകൊണ്ടാണ് ഇത് തന്നെ വാങ്ങുന്നത്.” പത്മൻ പറഞ്ഞു.
ഇത് കേട്ട് സാം മറുപടിയൊന്നും പറഞ്ഞില്ല.
സാം അയാൾക്ക് തുണി നന്നായി പൊതിഞ്ഞു പേപ്പർ ബാഗിലിട്ട് ബിൽ നൽകി…

അപ്പോള്‍ പത്മൻ പറയുകയാണ്

“ഞാന്‍ പല പ്രാവശ്യം ഈ പട്ട് തുണിയെപറ്റി കുറ്റം പറഞ്ഞിട്ടും താങ്കള്‍ പ്രതികരിക്കാഞ്ഞത് എന്താണ്? എനിക്കറിയാം ഞാന്‍ കള്ളം പറഞ്ഞതാണ്‌ എന്ന്‌,
കൂടാതെ ഈ പട്ട് ഒന്നാന്തരമാണെന്നും എനിക്ക് അറിയാമായിരുന്നു.”

“ശരിയാണ് സര്‍ പറഞ്ഞത്” പട്ട് തുണിയുടെ വില മേശയിലിട്ടു കൊണ്ട് സാം പറഞ്ഞു:
“ഞാൻ വിൽക്കുന്ന ഈ പട്ട് തുണികളുടെ ഗുണ നിലവാരങ്ങൾ എനിക്ക് നന്നായി ബോദ്ധ്യമുണ്ട്; സാറിനോട് തര്‍ക്കിച്ചു ജയിക്കാന്‍ ശ്രമിച്ചാല്‍, ഒരു ഇടപാടുകാരനെ എനിക്ക് നഷ്ടപ്പെടുമായിരുന്നു; ഞാന്‍ ഈ കട തുറന്നു വയ്ക്കുന്നത് ജീവിക്കാനായ് കച്ചവടം നടത്താനാണ്; ആരോടും തര്‍ക്കിക്കാനല്ല.”

ഇത് കേട്ട പത്മൻ ഷോക്കേറ്റ പോലായി, ഒന്നും ഉരിയാടാതെ കടയിൽ നിന്ന് പെട്ടെന്നിറങ്ങി.

അതെ
നമ്മുടെ ജീവിത ലക്ഷ്യങ്ങളില്‍ ലക്ഷ്യത്തിലെത്താന്‍ നന്നായ് ശ്രമിച്ചു കൊണ്ടേയിരിക്കുക; ചുറ്റുവട്ടങ്ങളിൽ നിന്ന് ഉയരുന്ന കുത്തുവാക്കുകളും, അഭിപ്രായങ്ങളും അവഗണിക്കുക. നേരിൻ്റെ സത്യസന്ധതയുടെ ക്ഷമയുടെ വഴികളിലൂടെയുള്ള യാത്രയ്ക്കായിരിക്കാം പൂർണ്ണത ഉണ്ടാവുക.. അത്തരം യാത്രകളാകണം നമ്മുടെതും.

✍️മുജീബുല്ല KM
സിജി ഇൻറർനാഷനൽ കരിയർ R&D ടീം.