ഓക്സ്‌ഫോർഡ് സർവ്വകലാശായിലെ ഡോ മൈക്കേൽ ഉസ്ബൺ നേതൃത്വം നൽകിയ ഒരു പഠന പ്രകാരം ഇന്നുള്ളതിൽ 48% തൊഴിൽ മേഖലകളും അടുത്ത പത്തു വർഷത്തിൽ അപ്രസക്തമാകുമത്രെ. സ്‌കൂളിൽ പഠിക്കുന്ന നമ്മുടെ മക്കൾ ഇന്ന് നിലവിൽപോലും ഇല്ലാത്ത കരിയർ സാധ്യതകൾക്കു വേണ്ടിയാകും തയ്യാറെടുപ്പു നടത്തേണ്ടി വരിക.

ഇരുപതോളം ഏഷ്യൻ രാജ്യങ്ങളിൽ മാത്രമായി അഞ്ചുവർഷത്തിൽ അൻപതുലക്ഷത്തിനു മുകളിൽ ആൾക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് വേൾഡ് എക്കൊണോമിക്സ് ഫോറം പ്രവചനം നടത്തുന്നത്.

ഇന്ത്യയിലെ തൊഴിൽ രംഗത്തിന്റെ 69%വും പുത്തൻ കാലത്തിന്റെ സാങ്കേതിക വിദ്യയിലെ മാറ്റത്തിനാൽ സ്വാധീനിക്കപ്പെടും എന്ന് സൂചിപ്പിക്കുന്നത് വേൾഡ് ബാങ്ക് ആണ്.

ഈ സാഹചര്യത്തിനെയാണ് കരിയർ/സാമ്പത്തിക വിദഗ്ധൻമാർ ദി ഗ്രേറ്റ് കരിയർ ക്രൈസിസ് എന്ന് വിശേഷിപ്പിക്കുന്നത്.

കോവിഡ് 19 സൃഷ്ടിച്ച അന്തരീക്ഷം ഈ മാറ്റത്തിന് ഒരു ഉത്പ്രേരകം ആണ് പ്രാവർത്തികമാക്കുകകൂടി ചെയ്യുന്നുണ്ട്.

ചുരുക്കത്തിൽ ലോകം മാറുകയാണ്.
വെറും മാറ്റമല്ല.
അടിമുടി മാറുകയാണ്.

ഇത്തരത്തിൽ മാറ്റം നിറഞ്ഞുനിൽക്കുന്ന പുതിയ ലോകത്തിനു വേണ്ടിയാണ് നമ്മുടെ കുട്ടികളെ നാം പ്രാപ്തരാക്കേണ്ടത്.
പുത്തൻ കരിയർ സാദ്ധ്യതകൾ, അതിലേക്കു നയിക്കുന്ന കോഴ്‌സുകൾ, മികച്ച സർവ്വകലാശാലകൾ എന്നിവ അവർ അറിയണം.
ഇതിൽ നിന്നും അവർക്കു ഏറ്റവും ഉചിതമെന്നു തോന്നുന്നത് കണ്ടെത്തുവാൻ അവരെ നാം സഹായിക്കുകയും വേണം.

കോഡിങ് പഠിപ്പിക്കുന്നതിലൂടെയോ, ഓൺലൈൻ മാത്‍സ് ക്ലാസ്സിൽ ജോയിൻ ചെയ്യിപ്പിക്കുന്നതിലൂടെയോ, ഒരു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ ചേർക്കുന്നതിലൂടെയോ അവസാനിക്കുന്നതല്ല ഓരോ അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്വം.

നമ്മുടെ കുട്ടികൾ ഫേസ് ചെയ്യുന്ന ലോകം വളരെ സങ്കീർണ്ണം ആണ്.
സങ്കീർണ്ണം എന്നുപറയുമ്പോൾ, മുന്നോട്ടുള്ള മാർഗ്ഗം നിശ്ചയിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും പ്രാപ്തരായ, നിരവധി വിദഗ്ധരെ ആശ്രയിക്കുവാൻ മാത്രം സങ്കീർണ്ണമായ ലോകം.
ഇവിടെ 13 ഉം 15 ഉം വയസ്സുള്ള നമ്മുടെ കുട്ടികൾ അവരുടെ ഭാവി സ്വയം തീരുമാനിച്ചു മുന്നോട്ടുപോകും എന്ന് കരുതുന്നതിൽ ഒരു ലോജിക്കും ഇല്ല.

ഇന്നത്തെ ലോകത്തിനു വേണ്ടത് ഓരോ കുട്ടിക്കും അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ ഒരു വഴികാട്ടിയാകുന്ന, കോച്ച് ആയി സപ്പോർട്ട് ചെയ്യുന്ന അച്ഛനെയും അമ്മയെയും ആണ്. നിങ്ങളുടെ സഹായം അവർക്കു ആവശ്യമാണ്.
ഇതിനു നിങ്ങൾ പ്രാപ്തരാണോ എന്നറിയുവാൻ മൂന്നു ചോദ്യങ്ങൾ സ്വയം ചോദിക്കുക.

1) അഞ്ചു വർഷത്തിനപ്പുറം ഏറ്റവും അവസരങ്ങൾ തുറന്നു വരുന്ന തൊഴിൽ മേഖകൾ ഏതൊക്കെയാകും?
2) നിങ്ങളുടെ കുട്ടിയുടെ അഭിരുചിക്കും അനിയോജ്യമായ ഉപരിപഠന മേഖല ഏതാണ്? നിങ്ങളുടെ മനസ്സിൽ ഒരുത്തരം ഉണ്ടെങ്കിൽ ആ ചോയിസിൽ നിങ്ങൾ എത്തിയ ശാസ്ത്രീയ കാരണം എന്ത്?
3) നിങ്ങളുടെ ഫോണിൽ രണ്ടു കരിയർ വിദഗ്ദ്ധരുടെ, ഗൈഡൻസ് നൽകുന്ന സ്ഥാപനത്തിൻ്റെ എങ്കിലും നമ്പർ ഉണ്ടോ?

ഈ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം ഉണ്ടെങ്കിൽ തീർച്ചയായും താങ്കൾ ഏറ്റവും മികച്ച ഒരു പാരന്റ് ആണ്. അല്ലെങ്കിൽ ഭാവിയിലേക്ക് മക്കളെ കൈപിടിച്ച് നയിക്കുവാൻ സ്വയം പ്രാപ്തരാക്കുക അനിവാര്യമാണ്.

മക്കളുടെ കരിയർ പ്ലാനിങ്ങിൻ്റെ കാര്യത്തിൽ രക്ഷിതാവ് എന്ന നിലക്ക് എന്താണ് നമുക്ക് ചെയ്യുവാൻ കഴിയുക. അതിലേക്ക് ചൂണ്ടാവുന്ന താഴെ പറയുന്ന അഞ്ച് പ്രധാന കാര്യങ്ങളെ മനസിലാക്കി വെക്കാം.

  1. പുതിയ ലോകത്തെ കരിയർ സാധ്യതകളിലേക്കു കുട്ടികളെ എക്സ്പോസ് ചെയ്യുക: ലോകം മാറുകയാണ്. പല തൊഴിൽ മേഖലകളും തകരുന്നു, പുതിയവ കുതിച്ചുകയറുന്നു. ഭാവിയിലെ അവസരങ്ങൾ എവിടെയാകും എന്ന തിരിച്ചറിവ് അനിവാര്യമാണ്. ഡോക്ടർ എഞ്ചിനീയർ എന്ന രണ്ടുവാക്കുകൾക്കപ്പുറത്തെ ലോകത്തിലേക്കു അവരെ കൂട്ടിക്കൊണ്ടുപോവുക ഓരോ അച്ഛന്റെയും അമ്മയുടെയും കടമയാണ്.
  2. മക്കളുടെ പാഷനെ മനസ്സിലാക്കുക: ഒരു കരിയർ മേഖലയോടുള്ള അദമ്യമായ അഭിനിവേശം ആണ് പാഷൻ. മക്കളെ നന്നായി ഒബ്സർവ് ചെയ്‌താൽ നമുക്കിത് മനസ്സിലാക്കാം. പുതിയ മേഖലകളിൽ അവർക്കു പാഷൻ ഉള്ള മേഖലയിലേക്ക് അവരെ നയിക്കുവാൻ സാധിച്ചാൽ നല്ലത്. ജോബ് ഷാഡോവിങ്ങിലേക്ക് നയിക്കാൻ പാഷനെ അറിയൽ അനിവാര്യ ഘടകമാണ്
  3. ആപ്റ്റിറ്റ്യൂഡ് / അഭിരുചി തിരിച്ചറിയുക: പാഷനോളം പ്രധാനമാണ് അഭിരുചി അല്ലെങ്കിൽ ആപ്റ്റിറ്റ്യൂട്. ഏറ്റവും മികച്ച ടൂൾസ് ഉപയോഗിച്ച് മക്കളുടെ അഭിരുചി മനസ്സിലാക്കുവാൻ അവരെ സഹായിക്കുക. സിജി നടത്തുന്ന സിഡാറ്റ് ടൂൾ ഉപയോഗിച്ചുള്ള അനാലിസിസ് ഏറെ പ്രയോജനപ്രദമാകും. ഹോളണ്ട് ടെസ്റ്റ്, പിയേഴ്സൺ, കെഡാറ്റ് എന്നിവയും ഇതിനായ് പരിഗണിക്കാം.
  4. കരിയറിന് തിരഞ്ഞെടുക്കുന്ന മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കുവാൻ അവസരം ഒരുക്കുക: വിദഗ്ദ്ധരുമായി നടത്തുന്ന സംസാരത്തിനോളം അറിവുനൽകുന്ന മറ്റൊന്നില്ല. അവർ തിരഞ്ഞെടുക്കുന്ന, അവർക്കു യോജിക്കുന്ന മേഖലയിലെ വിദഗ്ദ്ധരുമായി നേരിട്ടോ – ഫോണിലോ സംസാരിക്കുവാനുള്ള അവസരം ഒരുക്കികൊടുക്കുക പ്രധാനമാണ്. ഇത് പ്രൈമറി ജോബ് ഷാഡോവിങ്ങിൻ്റെ ഭാഗമാണ്.
  5. നിരന്തരം മക്കളെ മോട്ടിവേറ്റ് ചെയ്യുക: പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു മാനസികാവസ്ഥ ഉണ്ടാക്കുക.
    ഏതു വിജയത്തിന്റെയും അടിസ്ഥാനം കൂളായ മാനസികാവസ്ഥ ആണ്. തോൽവികൾ ഉണ്ടാകുമ്പോഴുള്ള നിരാശകളെ അതിജീവിക്കാൻ മോട്ടിവേഷനുകളിലൂടെ നേടിയ കൂളായ മാനസികാവസ്ഥ സഹായിക്കും.
    മക്കൾക്ക് ഉപരിപഠന കരിയർ മേഖലകളിൽ മുന്നേറുവാൻ നിരന്തരമായ മോട്ടിവേഷൻ അത്യന്താപേക്ഷിതമായ ഘടകമാണ്. ഇത് നൽകുവാനുള്ള കടമ മക്കളെ മനസിലാക്കാനാവുന്ന മാതാപിതാക്കൾക്കുണ്ട്.

ഓരോ കുട്ടിയുടെയും വിജയത്തിനു പിന്നിൽ അച്ഛന്റെയും അമ്മയുടെയും ഗൈഡൻസിന്റെ പിൻബലവും പിന്തുണയും ഉണ്ട്. ചെറുപ്രായത്തിൽ കൈപിടിച്ച് നടത്തിയപോലെ വളരെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ ലോകത്തിൽ ഭാവിയിലേക്ക് അവർ യാത്ര തുടരുമ്പോൾ ശരിയായ പാതയിലേക്ക് കൈപിടിച്ച് നടത്തുവാനുള്ള നമ്മുടെ ഉത്തരവാദിത്വം നാം നിർവഹിക്കണം. അപ്പോഴാണ് ഓരോ പാരന്റും സൂപ്പർഹീറോസും സൂപ്പർ പാരന്റും ആകുന്നത്.

മക്കളെ അറിഞ്ഞ് മനസിലാക്കുന്ന, അവർക്ക് വഴികാട്ടിയാവാൻ പറ്റുന്ന ഒരു നല്ല രക്ഷിതാവാകാൻ നമുക്കായാൽ അതിൽപരം നല്ലൊരനുഭൂതി വേറെയുണ്ടാകില്ല.

✍️ മുജീബുല്ല KM, സിജി ഇൻ്റർനാഷനൽ കരിയർ ടീം
www.cigii.org
www.cigicareer.com

Related Posts

Leave a Reply

Your email address will not be published. Required fields are marked *