കഴിവും അറിവും എന്നും മൂർച്ച കൂട്ടുന്നവനെ വിജയമുള്ളൂ….

കഴിവും അറിവും എന്നും മൂർച്ച കൂട്ടുന്നവനെ വിജയമുള്ളൂ….

ഒരു കഥയിലൂടെ ഇത് നമുക്ക് പഠിക്കാം..

ഒരിക്കല്‍ ഒരു മരം വെട്ടുകാരന്‍ ജോലിയന്വേഷിച്ചു ഒരു . തടിക്കച്ചവടക്കാരന്‍റെ അടുത്തെത്തി.

ശമ്പള വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചശേഷം ആ തടിക്കച്ചവടക്കാരന്‍ ഒരു മഴു അയാളെ ഏല്പിച്ചു. മരം വെട്ടേണ്ട സ്ഥലവും അയാള്‍ക്കു കാണിച്ചുകൊടുത്തു.

ഒന്നാമത്തെ ദിവസം വൈകുന്നേരമായപ്പോള്‍ കൂലി വാങ്ങിക്കാന്‍ അയാള്‍ തടിക്കച്ചവടക്കാരന്‍റെ അടുക്കലെത്തി.

“എത്ര മരം വെട്ടി?” – തടിക്കച്ചവടക്കാരന്‍ ചോദിച്ചു.

‘പതിനെട്ട്” –
അയാള്‍ അഭിമാനത്തോടെ പറഞ്ഞു.

“കൊള്ളാം;
ഇങ്ങനെ തന്നെ വേണം” – കച്ചവടക്കാരന്‍ അഭിനന്ദിച്ചു.

പിറ്റേ ദിവസം തലേന്നത്തേക്കാളും കൂടുതല്‍ അദ്ധ്വാനിച്ചെങ്കിലും പതിനഞ്ചു മരം മുറിക്കാനേ മരം വെട്ടുകാരന് സാധിച്ചുള്ളൂ.

അടുത്ത ദിവസമാകട്ടെ സര്‍വശക്തിയും ഉപയോഗിച്ച് അദ്ധ്വാനിച്ചുവെങ്കിലും വെറും പത്തു മരങ്ങളാണു അയാൾക്ക് മുറിക്കാന്‍ കഴിഞ്ഞത്.

ദിവസം ചെല്ലുന്തോറും മുറിക്കുവാന്‍ സാധിക്കുന്ന മരത്തിന്‍റെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരുന്നു.

അവസാനം അയാള്‍ തടിക്കച്ചവടക്കാരൻ്റെ അടുത്തെത്തി തന്‍റെ മോശമായ പ്രകടനത്തിനു ക്ഷമ ചോദിച്ചു.

അത് കേട്ട തടിക്കച്ചവടക്കാരൻ അയാളെ ആശ്വസിപ്പിച്ച് ചോദിച്ചു…
“നിങ്ങള്‍ എപ്പോഴാണ് അവസാനമായി നിങ്ങളുടെ മഴുവിനു മൂര്‍ച്ച കൂട്ടിയത്?”

‘മഴുവിനു മൂര്‍ച്ച കൂട്ടുവാന്‍ തനിക്കൊരിക്കലും സമയം കിട്ടിയില്ല. താന്‍ കൂടുതൽ കൂടുതൽ മരം മുറിക്കുന്ന തിരക്കിലായിരുന്നു’ എന്നാണ് മരം വെട്ടുകാരൻ മറുപടി നല്കിയത്.
സുഹൃത്തേ… മരം നന്നായി മുറിയണമെങ്കിൽ താങ്കൾ അത് ആവശ്യമുള്ളപ്പോഴൊക്കെ മഴുവിന് മൂർച്ച കൂട്ടണമായിരുന്നു.. മഴുവിന് മൂർച്ചയില്ലാത്തത് കൊണ്ടാണ് മരങ്ങൾ ആദ്യദിവസത്തെ പോലെ പിന്നീടുള്ള നാളുകളിൽ മുറിഞ്ഞ് വീഴാത്തത്…

അതെ, ഈ മരംവെട്ടുകാരനെപ്പോലെ നമ്മളും ജീവിതത്തില്‍ വളരെയധികം അദ്ധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, മുന്‍കാലങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന റിസല്‍ട്ട് ഇപ്പോള്‍ കിട്ടുന്നില്ല എന്ന പരിഭവം പറച്ചില് മാത്രമാണുള്ളത്.

നമ്മുടെ കഴിവുകളും യോഗ്യതകളുമൊക്കെ ഇതുപോലെയാണ്.
കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച് അവയെ തേച്ചുമിനുക്കിയില്ലെങ്കില്‍ മെച്ചപ്പെട്ട ഫലം പുറപ്പെടുവിക്കുവാനും ജീവിതത്തില്‍ വിജയം വരിക്കുവാനും നമുക്കു സാധിക്കുകയില്ല.

ഇന്നലെകളുടെ മഹത്ത്വം മാത്രം പറഞ്ഞുകൊണ്ടിരിക്കാതെ, (എൻ്റെ ഉപ്പപ്പാക്ക് ഒരാന ഉണ്ടായിരുന്നു എന്ന് വീമ്പ് പറയാതെ), നമ്മുടെ വ്യക്തിത്വത്തില്‍ കാലോചിതമായി മാറ്റങ്ങളെ കൊണ്ടുവന്നാൽ മനോഹരമായ ഇന്നുകളെയും നാളെകളെയും നമുക്കു സ്വന്തമാക്കാനാവും.
അതിനാകണം നമ്മുടെ പരിശ്രമങ്ങൾ….

✒️ മുജീബുല്ല KM
കരിയർ R&D ടീം
സിജി ഇൻ്റർനാഷനൽ