തലക്കെട്ട് കണ്ട് ഇയാൾക്ക് പിരാന്ത് പിടിച്ചോ എന്ന് നിങ്ങൾ ചോദിച്ചേക്കാം.. സംഗതി ഇതാണ്.

ഒരിടത്ത് രണ്ടു കണ്ണും കാണാത്ത ഒരാള്‍ ജീവിച്ചിരുന്നു. അയാള്‍ക്ക് യാത്ര വളരെ ഇഷ്ടമായിരുന്നു. കൈയിലുള്ള വൈറ്റ് കെയിൻ വടി നിലത്തു കുത്തി കുത്തി കല്ലും കുഴിയും തിരിച്ചറിഞ്ഞ് അയാള്‍ നടക്കും. അങ്ങനെ നടന്നു നടന്ന് അയാള്‍ ഒരു ദിവസം ഉറ്റ കൂട്ടുകാരന്‍റെ വീട്ടിലെത്തി. വര്‍ത്തമാനം പറഞ്ഞു രസിച്ചിരുന്നു. രാത്രിയായത് അയാള്‍ അറിഞ്ഞതേയില്ല. അവസാനം തിരിച്ചുപോകാനായി അയാള്‍ എഴുന്നേറ്റു. അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു: “നേരം വല്ലാതെ വൈകി. രാത്രിയായി, വഴിയില്‍ ഇരുട്ടാണ് ഞാന്‍ ഒരു വിളക്കു കൊളുത്തിത്തരാം. അത് മുന്നില്‍ പിടിച്ചുകൊണ്ടേ നടക്കാവൂ.”

കൂട്ടുകാരന്‍റെ വാക്കുകള്‍ കേട്ട് അയാള്‍ ചിരിച്ചുപോയി.

“രണ്ടും കണ്ണും കാണാത്ത എനിക്ക് വിളക്കുകൊണ്ട് എന്തു പ്രയോജനമാണ്!” അയാള്‍ ചോദിച്ചു.

അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു: “വിളക്ക് നിങ്ങള്‍ക്കല്ല. മറ്റുള്ളവര്‍ക്കാണ്. വിളക്കുമായി വരുന്ന നിങ്ങളെ മറ്റുള്ളവര്‍ കാണും. നിങ്ങളെ കൂട്ടിയിടിക്കാതെ അവര്‍ മാറിപ്പോകും.”

“ശരി, എങ്കില്‍ വിളക്കു തന്നേക്കൂ.” അയാള്‍ പറഞ്ഞു.
കൂട്ടുകാരന്‍ കൊടുത്ത വിളക്കും പൊക്കിപ്പിടിച്ച് അയാള്‍ വഴിയെ മെല്ലെ മെല്ലെ നടന്നുനീങ്ങി.

ആ രാത്രിയിൽ അയാൾക്ക് വീട്ടിലെത്താന്‍ കുറേ ഏറെ ദൂരം നടക്കണമായിരുന്നു. അയാള്‍ സാവധാനം നടന്നു. കുറേയേറെ നേരം നടന്നു.
പെട്ടെന്ന് ആരോ ഒരാള്‍ അയാളെ വന്നിടിച്ചു. എതിരെ നടന്നു വന്നയാള്‍ അയാളുമായി കൂട്ടിമുട്ടുകയായിരുന്നു. അയാള്‍ക്ക് ഇടികിട്ടിയപ്പോള്‍ ദേഷ്യം വന്നു.
അയാള്‍ അലറി.
“തന്‍റെ കണ്ണ് മുഖത്തല്ലേ?
മുന്നില്‍ വെളിച്ചം കണ്ടിട്ടും എന്താ എന്നെ ഇങ്ങനെ ഇടിച്ചത്? താങ്കൾ കള്ളു കുടിച്ചിരുന്നോ?”

അപ്പോഴാണ് അന്ധനായ അയാളെ ഇടിച്ചയാള്‍ കാണുന്നത് എന്നിട്ട് ശാന്തനായി പറഞ്ഞു:

“ക്ഷമിക്കൂ സുഹൃത്തേ, താങ്കള്‍ വിളക്കുപിടിച്ചു തന്നെയായിരുന്നു നടന്നിരുന്നത്. പക്ഷേ, അത് കെട്ടുപോയിരുന്നു. അക്കാര്യം താങ്കള്‍ അറിഞ്ഞിരുന്നില്ലല്ലോ.”

അപ്പോഴാണ് തനിക്കുപറ്റിയ അമളിയെപ്പറ്റി അന്ധനായ വ്യക്തിക്ക് മനസ്സിലായത്. “അന്ധന്‍റെ കൈയില്‍ വിളക്ക് കിട്ടിയിട്ട് എന്തുകാര്യം!” അയാള്‍ അങ്ങനെ പറഞ്ഞ് സങ്കടപ്പെട്ടു.

അതെ, അന്ധന്‍റെ കൈയിലെ വിളക്കുപോലെയാണ് ചിലരുടെ കൈകളില്‍ അവരുടെ ജീവിതവും.

ദൈവത്തിന്‍റെ വരദാനമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം.
അത് നല്കുന്ന ആനന്ദം, അവസരം, അറിവ്, അനുഭവം… ഇതൊക്കെ മനസ്സിലാക്കാൻ കഴിയുന്നവര്‍ക്ക് ജീവിതത്തിന്‍റെ വെളിച്ചവും തെളിച്ചവും കാണാനാകും. അല്ലാത്തവര്‍ അന്ധരായി ജീവിതം കഴിച്ച് തീർക്കുന്നു.

✒️മുജീബുല്ല KM

Related Posts

Leave a Reply

Your email address will not be published. Required fields are marked *