എഡിസൻ്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നത്….
ഒരു ദരിദ്രകുടുംബത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ പേറിയ കുരുന്ന് ബാലന്‍, എല്ലാ കുട്ടികളും സ്കൂളിൽ പോവുന്ന പോലെ സ്കൂളില്‍ പോയി. കേവലം മൂന്ന് മാസം മാത്രം. പിന്നീട് ഉപജീവനത്തിനായി അവന്‍ തീവണ്ടിയിലെ പത്രവില്‍പ്പനക്കാരനായി. അതോടൊപ്പം പത്രവായനകളിലും മുഴുകി അറിവ് നേടാൻ ശ്രമിച്ചു. കയ്പേറിയ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ശാസ്ത്രത്തിന്‍റെ രഹസ്യങ്ങള്‍ നേടാനുള്ള ആഗ്രഹം ആ ബാലന്‍റെ ഉള്ളിൻ്റെ ഉള്ളില്‍ വളര്‍ന്നു. ഊര്‍ജ്ജതന്ത്രവും രസതന്ത്രവും ആ ബാലൻ പഠിച്ചെടുത്തു.
റെയില്‍വേ സ്റ്റേഷനിലെ ഉപയോഗശൂന്യമായി കിടന്ന ഒരു തീവണ്ടി ബോഗിയെ പരീക്ഷണശാലയാക്കിക്കൊണ്ട് ഇരുനൂറിലേറെ കണ്ടുപിടുത്തങ്ങള്‍ നടത്തി മാനവരാശിയെ സമ്പന്നമാക്കിയ ഒരു ശാസ്ത്രജ്ഞനായി ആ ബാലന്‍ പിന്നീട് മാറി. അത് മറ്റാരുമായിരുന്നില്ല, കണ്ടു പിടുത്തങ്ങളുടെ ആശാനായി ലോകം വാഴ്‌ത്തിയ ശാസ്ത്രജ്ഞൻ തോമസ് ആല്‍വ എഡിസണ്‍ ആയിരുന്നു അത്.
ഒരു ദിവസം അദ്ദേഹത്തിന്‍റെ ഗവേഷണശാലയായ തീവണ്ടി ബോഗി അഗ്നിയില്‍ നശിച്ചു. അക്കാലമെല്ലാം നടത്തിയ എല്ലാ ശ്രമങ്ങളും ഒരു നിമിഷ നേരം കൊണ്ട് ചാമ്പലായി. പക്ഷേ, തോമസ് ആൽവാ എഡിസണ്‍ അതിലൊന്നും തളര്‍ന്നില്ല. കിട്ടാവുന്ന ഉപകരണങ്ങളുപയോഗിച്ചൊക്കെ തൻ്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. പിന്നീടൊരിക്കൽ എഡിസണ്‍ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്. “എന്‍റെ കുറവുകളെല്ലാം ആ ദുരന്തത്തില്‍ കത്തിചാമ്പലായി. അത് എല്ലാം പുതുതായി തുടങ്ങാന്‍ എനിക്ക് ദൈവം നല്കിയ അവസരമായിരുന്നു.”
ഇത്തരമൊരു സംഭവം നമുക്ക് നേരിട്ടാല്‍ നമ്മളിൽ കുറച്ചുപേരെങ്കിലും നിരാശയുടെ നിത്യതടവുകാരായി തീര്‍ന്നേക്കാം.
തോല്‍ക്കുമ്പോഴാണ് ജീവിതത്തിലെ മൂല്യങ്ങള്‍ നാം തിരിച്ചറിയുന്നത്. പരാജയമുണ്ടാകുമ്പോള്‍ ആത്മഹത്യയേയും ലഹരിവസ്തുക്കളേയും നിരാശയേയുമൊക്കെ കൂട്ടുപിടിക്കുന്നവരുണ്ട്. അരുത്, അത് ഒരിക്കലും പാടില്ല. അത് ജീവിതത്തെ എന്നന്നേക്കുമായി നാശത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുകയേ ഉള്ളൂ. ദൈവം എന്തിന്നും നമ്മെ സഹായിക്കാൻ ഉണ്ട് എന്ന ബോധത്തോടെ ഏതു വെല്ലുവിളികളേയും സധൈര്യം നേരിടാനുള്ള മനസ്സിനെ നാം പരുവപ്പെടുത്തിയെടുക്കണം. അതാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനമായത്.
ജീവിതം എന്ന കാറ്റും കോളും നിറഞ്ഞ മഹാസമുദ്രത്തിലെ കപ്പലുകളാണ് നമ്മൾ. കടല്‍ ചില നേരത്ത് ശാന്തമായിരിക്കാം, മറ്റ് ചിലപ്പോൾ പ്രക്ഷുബ്ധമായി മാറാം, എന്നാലോ കപ്പൽ മറുകരയിലെത്തണം എന്ന ചിന്തയോടെ അതിനെ നയിക്കുന്ന ക്യാപ്റ്റനാവണം നമ്മൾ. (ജീവിതത്തിലെ ജയ-പരാജയങ്ങളെ മനസിലാക്കി മുന്നേറാൻ നമുക്കാവണം)
“Failures are part of life.
If you don’t fail,
you don’t learn.
If you don’t learn,
you will never change.”
അതെ, ജീവിതത്തിന്‍റെ ഭാഗമാണ് പരാജയങ്ങള്‍. തോല്‍ക്കാതെ നമുക്കൊന്നും പഠിക്കാനാവില്ല. പഠിക്കാതെ നമുക്കൊരിക്കലും മാറാനാവില്ല.
തോല്‍വികളില്‍ ഇടിച്ച് തകരേണ്ടതല്ല ഈ സുന്ദര ജീവിതം, മറിച്ച് ജയിക്കാനുള്ളതാണ്.
ഒരു കാര്യം മറക്കാതിരിക്കുക, തോല്‍വി നല്ലതാണ്. തോൽവികളെ പുഞ്ചിരിയോടെ നേരിട്ട് വിജയത്തിൻ്റെ സോപാനത്തിലേക്ക് ഓടിയെത്താൻ നമുക്കാവണം. തോൽപിച്ചെന്നോ, തോറ്റ് പോയെന്നോ പറഞ്ഞ് നിരാശനാകാതെ; ഇതൊക്കെ എനിക്ക് ദൈവം നൽകിയ പാഠങ്ങളാണെന്ന് തിരിച്ചറിഞ്ഞ് ജയത്തിൻ്റെ വഴികളിലേക്ക് പടിപടിയായി ചവിട്ടിക്കയറാനുള്ള മനസ് നമുക്കുണ്ടെങ്കിൽ സംതൃപ്തമായ ജീവിതത്തിലേക്ക് കടന്നെത്താൻ നമുക്കാകും. ഇതാണ് എഡിസണെന്ന മഹാമനീഷിയുടെ ജീവിതം നമ്മോട് പറയുന്നതും.
✍️മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ R&D കോർഡിനേറ്റർ