ഒരിക്കൽ ഒരു സൂഫി പണ്ഡിതനോട് ഒരാൾ ഒരു സംശയം ചോദിച്ചു…

ഗുരോ….
എന്ത് കൊണ്ടാണ് ചില സജ്ജനങ്ങൾ പോലും ചില സമയത്ത് ക്ഷിപ്രകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിത്തീരുന്നത്.?

സൂഫി പണ്ഡിതൻ ആ സംശയം ചോദിച്ചയാളെ സമീപത്തേക്ക് വിളിച്ചു.
അടുത്തുണ്ടായിരുന്ന ഒരു കപ്പ് ജലമയാൾക്ക് നൽകി.
ഗുരു അയാളുടെ കയ്യിലിരുന്ന ജലം നിറഞ്ഞ പാത്രത്തിൽ നോക്കി ചോദിച്ചു…. നിങ്ങളുടെ നേരെ ഒരാൾ വന്ന് ശരീരത്തിലിടിക്കുകയോ നിങ്ങളുടെ കൈയ്യിൽ പിടിച്ചുലയ്ക്കുകയോ ചെയ്താൽ നിങ്ങളുടെ കയ്യിലെ പാത്രത്തിലുള്ള ജലം നിലത്ത് വീഴില്ലേ എന്താ കാരണം..?

സൂഫിയുടെ ചോദ്യത്തിന് ആ മനുഷ്യൻ നിഷ്കളങ്കമായിക്കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു

അപരൻ എന്റെ നേർക്ക് വന്നിടിച്ചതിനാലും എന്റെ കയ്യിൽ പിടിച്ച് കുലുക്കിയതിനാലുമാണ് എന്റെ കൈവശമിരുന്ന പാത്രത്തിലെ ജലം താഴെ തൂവിപോയത്.

അത് കേട്ട സൂഫി ഗുരു പറഞ്ഞു
ഉത്തരം തെറ്റാണ്.

ഗുരു തുടർന്നു…..
നിങ്ങളുടെ കൈകൾക്കുള്ളിലുള്ള പാത്രത്തിൽ ജലം ഉണ്ടായിരുന്നതിനാൽ മാത്രമാണ് ആ പാത്രത്തിലെ ജലം മണ്ണിൽ തൂവിപ്പോയത്.

ഗുരു പിന്നെയും പറയാൻ തുടങ്ങി…
ഒരു പക്ഷേ നിങ്ങളുടെ പാത്രത്തിൽ പാൽ ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ അതായിരിക്കും അന്നേരം തൂവുക..!

അതായത്
എന്താണോ നിങ്ങളുടെ
പാത്രത്തിൻ്റുള്ളിലുള്ളത്
അത് മാത്രമേ തുളുമ്പി പുറത്ത് പോവുകയുള്ളു..!

എന്ത് ബാഹ്യ സമ്മർദ്ദമുണ്ടായാലും
നിങ്ങളുടെ കൈവശമുള്ള പാത്രത്തിൽ ഇല്ലാത്തതൊന്നും തുളുമ്പി ഒരിക്കലും പുറത്തേക്ക് പോവില്ല…

ഗുരു തുടർന്നു…

നമ്മുടെ ജീവിതവും ഇതുപോലാണ്…

ജീവിതത്തിൽ പലപ്പോഴും വലിയ സംഘർഷങ്ങളോ… ഉലയ്ക്കലുകളോ… സംഭവിക്കുമ്പോൾ എന്താണോ
നിങ്ങൾക്കുള്ളിലുള്ളത് അത് സ്വാഭാവികമായും പുറത്തേക്ക് വരും…
എത്ര ബോധപൂർവം ശ്രമിച്ചാലും
അപ്രകാരം സംഭവിച്ചേ പറ്റൂ . ഗുരു പറഞ്ഞ് നിർത്തി.

പ്രിയപ്പെട്ടവരെ…. നാം സ്വയം ഒന്ന് സ്വന്തത്തോട് ചോദിച്ചു നോക്കൂ…

എന്റെ ജീവിതമാകുന്ന പാത്രത്തിൽ
ഞാൻ എന്താണ് സൂക്ഷിച്ചിട്ടുള്ളത്..?
എന്റെ ജീവിതത്തിലെ സമ്മർദ്ദങ്ങൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും ഞാൻ എപ്രകാരമാണ് പ്രതികരിക്കുന്നത്…
എന്താണ് എന്നിൽ നിന്നും
പുറത്തേക്ക് വരുന്നത്……

സന്തോഷം…
സമാധാനം…
കരുണ…
മനുഷ്യത്വം…
തുടങ്ങിയ മഹത്തായ കാര്യങ്ങൾ ….ഇതൊക്കെയാണോ?…

അതോ!

ദേഷ്യം..
ശത്രുത…
പരുക്കൻ ഭാഷകൾ…
മറ്റ് കഠിന പ്രതികരണങ്ങൾ… ഇതാണോ?

നിങ്ങൾ ശാന്തമായൊന്ന് ചിന്തിച്ച് നോക്കൂ!… എന്തായിരിക്കാം ഇപ്രകാരം സംഭവിക്കാൻ കാരണം..? ഉത്തരങ്ങൾ സ്വയം കണ്ടെത്തൂ…

പ്രിയപ്പെട്ടവരെ, നമുക്കിന്നു മുതൽ നമ്മുടെ ജീവിത പാത്രത്തിൽ
സ്നേഹവും…
ദയയും….
സഹാനുഭൂതിയും….
ക്ഷമയും…
സന്തോഷവും..
പരസ്പര ബഹുമാനവും.. ഒക്കെ സൂക്ഷിച്ച്
മനസ്സിൽ നന്മയുള്ളവരായി തീരാം..
അന്യനെ അനിയനാക്കി, അശരണർക്ക് ആശ്വാസമേകുന്നവനായി നമുക്ക് മാറാൻ ശ്രമിക്കാം.. മാറ്റങ്ങളുണ്ടാവാൻ നമ്മളാണല്ലോ ശ്രമിക്കേണ്ടത്, അതിന്നായി പ്രയത്നിക്കാം.

✍️ മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ
കരിയർ R&D ടീം.
www.cigii.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *