പയ്യെ തിന്നാൽ പനയും തിന്നാം

പയ്യെ തിന്നാൽ പനയും തിന്നാം

ഇത് മലയാളത്തിലെ ഒരു ചൊല്ലാണ്. ധൃതിയോ തിടുക്കമോ ഇല്ലാതെ, സാവകാശം സമാധാനത്തോടെ ഒരു കാര്യം ചെയ്യുകയാണേൽ ഫലപ്രാപ്തിയോടെ അത് പൂർത്തിയാക്കാനാകും എന്നാണ് ഈ ചൊല്ല് നമ്മോട് പറയുന്നത്.

പഠനമെന്ന പ്രക്രിയയെ സമ്പന്ധിച്ചിടത്തോളം അമിതമായ ഉല്‍ക്കണ്ഠയും ഉത്സാഹവും ഒരുപോലെ അപകടകരമാണ്.
ഒരു ചോദ്യം കയ്യില്‍ കിട്ടിയാല്‍ അത് വളരെ സാവകാശം വായിച്ചുനോക്കി ചോദ്യകര്‍ത്താവ് എന്താണോ ഉദ്ദേശിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കിക്കൊണ്ടാകണം ഉത്തരമെഴുതേണ്ടത്.

തിടുക്കത്തില്‍, ധൃതിയിൽ കാര്യങ്ങള്‍ ചെയ്ത് കൂട്ടാമെന്ന് വിചാരിക്കുന്നത് മിക്കപ്പോഴും നെഗറ്റീവ് റിസൾട്ട് കിട്ടാനെ സഹായിക്കൂ….

അതിവേഗം കുങ്ഫു പഠിക്കാന്‍ പോയ യുവാവിന്‍റെ കഥയിലൂടെ നമുക്കിത് പഠിക്കാം.

പണ്ട് ഒരു ചെറുപ്പക്കാരന്‍ കുങ്ഫു പഠിക്കണമെന്ന ആഗ്രഹവുമായി പ്രഗത്ഭനായ ഒരു കുങ്ഫു മാസ്റ്ററെ സമീപിച്ചു. മാസ്റ്റർ ചോദിച്ചു.

“കുഞ്ഞേ, നിനക്ക് എന്താണ് എന്നില്‍ നിന്ന് പഠിക്കേണ്ടത്?”

“ഗുരോ, അങ്ങയില്‍ നിന്ന് കുങ്ഫുവിന്‍റെ എല്ലാ തന്ത്രങ്ങളും പഠിക്കാന്‍ ഞാനാഗ്രഹിക്കുന്നു.”

“എന്നിട്ട് എന്തു ചെയ്യാന്‍ പോകുന്നു?”

“ഗുരോ, ഈ രാജ്യത്തെ ഏറ്റവും സമര്‍ഥനായ കുങ്ഫു മാസ്റ്ററാകണമെന്നാണ് എന്‍റെ ആഗ്രഹം.”

“നല്ലകാര്യം…… നമുക്ക് നാളെ മുതല്‍ പഠിച്ചു തുടങ്ങാം.”

“പക്ഷേ ഗുരോ, എത്രകാലം വേണം ഒരു നല്ല കുങ്ഫു മാസ്റ്ററാകാന്‍?”

ചെറുപ്പക്കാരന്‍ ചോദിച്ചു.

“പത്തു കൊല്ലം.”
മാസ്റ്റർ പറഞ്ഞു.

അതത്ര തൃപ്തികരമാകാത്ത ഭാവത്തില്‍ ചെറുപ്പക്കാരന്‍ ചോദിച്ചു.

“പത്തു കൊല്ലമോ? പക്ഷേ ഗുരോ, അങ്ങയുടെ മറ്റു ശിഷ്യന്മാര്‍ പഠിക്കുന്നതിനെക്കാള്‍ ഇരട്ടിവേഗത്തില്‍ ഞാന്‍ പഠിച്ചാലോ?”

“എങ്കില്‍ ഇരുപതുകൊല്ലം വേണം.” മാസ്റ്റർ പറഞ്ഞു.

“ങ്ഹേ, ഇരുപതുകൊല്ലമോ?”ചെറുപ്പക്കാരന്‍ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് ചോദിച്ചു.
“പക്ഷേ ഞാന്‍ രാവും പകലും വിശ്രമമില്ലാതെ പഠിച്ചാലോ ഗുരോ.”

“അങ്ങനെ ചെയ്യുകയാണെങ്കില്‍ മുപ്പതുകൊല്ലം വേണ്ടി വരും.” മാസ്റ്റർ പറഞ്ഞു.

ചെറുപ്പക്കാരന്‍ അമ്പരപ്പോടെ ചോദിച്ചു.

“ഗുരോ, അങ്ങെന്താണ് ഈ പറയുന്നത്? ഞാന്‍ കൂടുതല്‍ കൂടുതല്‍ കഷ്ടപ്പെട്ട് പഠിക്കാമെന്ന് പറയുമ്പോഴും അങ്ങ് കൂടുതല്‍ കൂടുതല്‍ സമയം വേണമെന്നാണല്ലോ പറയുന്നത്? അതെന്താ?”

“അതോ,
ഇത്രയും ധൃതിയുള്ള ശിഷ്യർ വളരെ മെല്ലെയേ കാര്യങ്ങൾ പഠിക്കൂ എന്നതാണ് ലോകതത്ത്വം.” ഒരു പുഞ്ചിരിയോടെ മാസ്റ്റർ പറഞ്ഞൂ.

ഒരു കാര്യം ചെയ്യാനിറങ്ങുമ്പോൾ നമുക്ക് നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയണം.
ചില വിഷയങ്ങളെ സംബന്ധിച്ച് നമുക്ക് പല മുന്‍ധാരണകളുണ്ടാകും.
ചില കാര്യങ്ങളോട് നമുക്ക് അമിതമായ അടുപ്പവും മറ്റുചില കാര്യങ്ങളോട് അതുപോലെതന്നെ അകല്‍ച്ചയും ഉണ്ടാവാം. എന്നാലിതൊന്നും നമ്മുടെ പഠനങ്ങളെ ബാധിക്കാന്‍ പാടില്ല എന്നത് നാമറിയുക.
ധൃതിയല്ല, സാവകാശമെടുത്ത് കാര്യങ്ങൾ പൂർണ്ണതയിലെത്തിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

മുജീബുല്ല KM
www.cigii.org