പ്രതീക്ഷ കൈവിടരുതൊരിക്കലും…

പ്രതീക്ഷ കൈവിടരുതൊരിക്കലും…

ഒരു യാത്രാസംഘത്തിൻ്റെ കപ്പൽ ഒരിക്കൽ കനത്ത കാറ്റിലും കോളിലും പെട്ട് തകർന്നു…
അതിൽ നിന്ന് രക്ഷപ്പെട്ടത് ഒരാൾ മാത്രം… അബോധാവസ്ഥയിലായ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും…
കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ സങ്കടപ്പെട്ടു..
എന്നാൽ സർവ ശക്തനായ ദൈവത്തിൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല…

തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു…

ദിവസവും തന്നെ രക്ഷിക്കാൻ വരുന്ന കപ്പലും കാത്ത് അയാൾ ചക്രവാളത്തിൽ കണ്ണും നട്ടിരിക്കും… തൻ്റെ ജീവൻ നിലനിർത്താനാവശ്യമായ കർമ്മങ്ങൾ അയാൾ തുടരുകയും ചെയ്തു.

ഇങ്ങനെ ദിവസങ്ങൾ എത്രയോ കടന്നുപോയി…
പക്ഷേ, ആരും വന്നില്ല. എന്നാൽ അയാൾ പ്രതീക്ഷ തീർത്തും കൈവിടാതെ ശുഭാപ്തി വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു…

ദ്വീപിൽ അങ്ങിങ്ങായി കിടന്നിരുന്ന മരക്കഷ്ണങ്ങൾ ശേഖരിച്ച് അയാൾ ഒരു കുടിൽ പണിതു,,.

ഒരു ദിവസം,
ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ നടുക്കിക്കളഞ്ഞു…
തന്റെ കുടിൽ കത്തിനശിച്ചിരിക്കുന്നു. തന്റേതായി ആകെയുണ്ടായിരുന്ന ശേഖരിക്കപ്പെട്ട വസ്തുക്കളെല്ലാം തീയിയിൽ കത്തിച്ചാമ്പലായി.

എന്തു ചെയ്യണമെന്നറിയാതെ അയാൾ ആകാശത്തേക്ക് കരങ്ങൾ നീട്ടി കരയാൻ തുടങ്ങി.

“എന്റെ രക്ഷിതാവേ , നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,”
അയാൾ പേർത്തും പേർത്തും സജലങ്ങളായ കണ്ണുകളോടെ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു..

കരഞ്ഞു കരഞ്ഞ് അയാൾ ദ്വീപിലെ മണലിൽ തളർന്നുറങ്ങി.. എന്നാല്‍ പിറ്റേന്ന് പ്രഭാതത്തിൽ ഒരു വലിയ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്. അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൂറ്റൻ യാത്രാക്കപ്പൽ ദ്വീപിനെ ലക്ഷ്യം വെച്ച് വരുന്നു…

സന്തോഷത്താൽ അയാൾ കരഞ്ഞുപോയി… കപ്പലിൽ നിന്നിറക്കിയ വടത്തിൽ കയറി ആ കപ്പലിൽ പ്രവേശിച്ചപ്പോൾ ആദ്യമായി നാവികരോടായി അയാൾ ചോദിച്ചു:

“നിങ്ങള്‍ക്ക് എങ്ങനെ ഈ ആളില്ലാ ദ്വീപില്‍ ഒരാള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി.”
അപ്പോൾ അവർ പറഞ്ഞു:

” ഈ ദ്വീപിൽ നിന്ന് പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ മനുഷ്യര്‍ ആരെങ്കിലും അവിടെ അകപ്പെട്ടിരിക്കാം എന്ന് ഞങ്ങൾ ഊഹിച്ചു…

ഇതുകേട്ട അയാൾ പൊട്ടി കരഞ്ഞുകൊണ്ട് സർവ്വത്തിനുമുടയവനായ നാഥനെ വാഴ്‌ത്തിക്കൊണ്ട്, തന്നെ സഹായിച്ച നിമിത്തങ്ങളെ ഓർത്തോർത്ത് നാഥനൊട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു…

ആ യാത്രക്കാരനെ പരിചരിച്ച് കൊണ്ട് കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു…

ഇതിൽ നിന്ന് നാമറിഞ്ഞിരിക്കേണ്ട കാര്യം… _

പ്രയാസങ്ങൾ വരുമ്പോൾ പ്രതീക്ഷകൾ കൈവിട്ട് ദുഃഖിച്ചിരിക്കാൻ നമുക്ക് എളുപ്പമാണ്…
എന്നാൽ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണ് …… ക്ഷമയവലംബിക്കുക, പ്രാണൻ്റെ അർത്ഥനയായ പ്രാർത്ഥന തുടരുക… കാരുണ്യത്തിൻ്റെ നാഥനിൽ നിന്നുള്ള സഹായം നാമറിയാതെ നമ്മെ തേടി വരും, തീർച്ച..

നമ്മളൊരിക്കലും സർവ്വാധിനാഥനായ ജഗദീശൻ്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാകരുത്. വൈകിയാണെങ്കിലും നാഥന്‍ ഉത്തരം തരും… പ്രതീക്ഷയോടെ, ദൈവത്തിൽ എല്ലാം സമർപ്പിച്ച് കാത്തിരിക്കുക…. നിങ്ങൾക്ക് നൻമ വരുന്ന പ്രതിഫലം പരമകാരുണികനായ, റഖീബായ ഈശനിൽ നിന്ന് ലഭിക്കും

മുജീബുല്ല KM,