മനസാ വാചാ കർമ്മണാ… ഒരാൾക്കും നമ്മെ തൊട്ട് വേദനയുണ്ടാവരുത്.. ഉണ്ടാക്കരുത്

ഒരു മുറിവുണ്ടാക്കിയ വേദനയേക്കാൾ, ഒരു അപമാനം നൽകിയ വേദന ഒരാളിൽ കൂടുതൽ ക്ഷതമേൽപ്പിക്കുന്നു; മാനഹാനിയുണ്ടാക്കുന്നു.
ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ മന:പ്പൂർവ്വമോ അല്ലാതെയോ ആരെയൊക്കെയെങ്കിലും അപമാനിച്ചിട്ടുള്ളവരോ ആരാലെങ്കിലും അപമാനം നേരിട്ടവരോ ആണ് നമ്മളോരോരുത്തരും എന്നത് തിക്ത സത്യം.

നമ്മുടെ വാക്കുകളോ പ്രവർത്തികളോ ഒരാളെ അനാവശ്യമായി വേദനിപ്പിക്കുന്നതാണെങ്കിൽ ആ വ്യക്തിയെ നാം അപമാനിക്കുന്നതായി കണക്കാക്കാം. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരാളെ വേദനിപ്പിക്കുന്നതാണ് എന്ന ബോധ്യമുണ്ടായിട്ടും എന്തുകൊണ്ടാണ് പലരും ഇത് ആവർത്തിക്കുന്നത് എന്ന് നമുക്ക് ചെറുതായി മനസിലാക്കാൻ ശ്രമിക്കാം.

ഒരാൾ എന്തുകൊണ്ട് മറ്റൊരാളെ അപമാനിക്കുന്നു.?

പലപ്പോഴും ഒരാൾ മറ്റൊരാളെ അപമാനിക്കുന്നത് ബോധപൂർവ്വമായിരിക്കണമെന്നില്ല.
പെട്ടന്നുള്ള ദേഷ്യത്താലോ മാനസിക വ്യതിചലനത്താലോ ആകാം.
എന്നാൽ ചിലർ മറ്റൊരാളുടെ മേലിൽ അധികാരം സ്ഥാപിക്കുന്നതിനോ അല്ലെങ്കിൽ താൻ വേറൊരാളെക്കാൾ ശ്രേഷ്‌ഠനാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്നതിവേണ്ടി ഇത്തരത്തിൽ പെരുമാറാറുണ്ട്.

പൊതുവെ അസുരക്ഷിതമെന്ന് തോന്നുന്ന സാഹചര്യത്തിൽനിന്നോ സ്വഭാവത്തിൽ നിന്നോ ഒളിച്ചോടാൻ വേണ്ടിയാണ് പലരും മറ്റുള്ളവരെ അപമാനിക്കുന്ന രീതി പിന്തുടരുന്നത്.
തൻ്റെ കഴിവുകേടുകൾ മറക്കുന്നതിനും അതിൽനിന്നും ശ്രദ്ധതിരിക്കുന്നതിനുമൊക്കെ പലരും മറ്റുള്ളവരോട് ഉച്ചത്തിൽ സംസാരിക്കുകയും സൗമ്യമല്ലാത്ത രീതിയിൽ പെരുമാറുകയും ചെയ്യുന്നുണ്ട്.

തന്നേക്കാളുപരി മറ്റൊരാൾക്ക് പ്രാധാന്യം ലഭിക്കുന്നതിൽ അസ്വസ്ഥരാകുന്ന അല്ലെങ്കിൽ അസൂയ ഉളവാകുന്ന വ്യക്തികളും മറ്റൊരാളെ തരം താഴ്ത്തുന്നതിനായി പൊതുവെ ഇത്തരത്തിൽ പെരുമാറുന്നുണ്ട്.
ദേഷ്യം എന്ന വികാരം തന്നെയാണ് ഇങ്ങനെ പെരുമാറുന്നതിൽ ഒരു വ്യക്തിയെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകം.
എല്ലാവരാലും ആകർഷിക്കപ്പെടാനുള്ള അല്ലെങ്കിൽ അംഗീകരിക്കപ്പെടാനുള്ള ഒരാളുടെ അതിരുകടന്ന മനോവിചാരമാണ് ഈ പ്രവർത്തികളുടെയൊക്കെ അടിസ്ഥാനം.
ഇത്തരത്തിലുള്ള വ്യക്തികളെയോ സാഹചര്യങ്ങളെയോ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കൂടി നമുക്ക് അറിഞ്ഞിരിക്കാം.

B. യഥാർത്ഥ കാരണത്തെ കണ്ടെത്തുക.

ഒരാൾ നിങ്ങളെ Insult ചെയ്യുന്നതിൻറെ യഥാർത്ഥ കാരണം എന്തെന്ന് കണ്ടെത്തുക.
നിങ്ങളുടെ ഭാഗത്തുനിന്നുള്ള തെറ്റുകൊണ്ടാണെങ്കിൽ അത് തിരുത്തുക.
നിങ്ങളുടെ ജോലിസ്ഥലത്തോ സുഹൃത്തുക്കളുടെ ഇടയിലോ ഉള്ള വ്യക്തിയാണെങ്കിലോ , അയാൾ മറ്റുള്ളവരുടെ ഇടയിൽ കൂടുതൽ അംഗീകാരം ആഗ്രഹിക്കുന്ന ആളാണെങ്കിലോ അദ്ദേഹവുമായി ഒരു അനാവശ്യ മത്സരം നടക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

I. എന്തും ക്ഷമയോടുകൂടി നേരിടുക

നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരാളല്ല നിങ്ങളോട് മോശമായി പെരുമാറുന്നതെങ്കിൽ കഴിവതും ക്ഷമ ഉള്ളവരായിരിക്കുക.
ആ വ്യക്തിയുമായി ഒരു തർക്കത്തിലോ വാക്കേറ്റത്തിലോ ഏർപ്പെടുന്നത് പരാമാവധി ഒഴിവാക്കുക.

J. അവഗണിക്കുക.

നിങ്ങളെ നിരന്തരമായി അപമാനിക്കുന്ന ആളുകളിൽനിന്ന് അല്ലെങ്കിൽ ഇത്തരം വ്യക്തികളുള്ള സന്ദർഭങ്ങളിൽ നിന്ന് മാറിനിൽക്കുക.
അതിനു കഴിഞ്ഞില്ലെങ്കിൽ അവരുടെ വാക്കുകൾക്ക് വില കൽപ്പിക്കാതിരിക്കുക.
ഒരാൾ നിങ്ങളോട് അപമാനകരമായി പെരുമാറുന്നത് നിങ്ങളുടെ തെറ്റല്ല, മറിച്ച് ആ വ്യക്തിയുടെ അറിവില്ലായ്‌മ മൂലമാണെന്ന് മനസ്സിലാക്കുക. അയാൾ അജ്ഞനാണെന്നറിഞ്ഞ് ചൊറിയാൻ നിന്നാൽ നിങ്ങളുടെ മൂല്യമിടിയും.

U. എല്ലാം തുറന്ന് സംസാരിക്കുക.

മറ്റൊരാളെ പരിഹസിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ ചെറുതാക്കി ചിത്രീകരിക്കുന്നത് ചിലർക്ക് വിനോദമാണ്. ഇക്കൂട്ടർക്ക് അതൊരു തെറ്റായ പ്രവണത ആണെന്ന ബോധ്യം പൊതുവെ ഉണ്ടാകാറില്ല.
നിങ്ങൾക്ക് നല്ല പരിചയം ഉള്ള ആളോ നിങ്ങളുടെ സുഹൃത്തോ ആണ് അപമാനിക്കുന്ന രീതിയിൽ പെരുമാറുന്നതെങ്കിൽ നിങ്ങൾക്ക് അതിലുണ്ടായ മനോവികാരം എന്തെന്ന് അദ്ദേഹത്തോട് തുറന്ന് പറയുക.
ഇത് പിന്നീട് അയാൾ നിങ്ങളോട് ഇത്തരത്തിൽ പെരുമാറുന്നത് ഒഴിവാക്കാൻ ഒരു പരിധിവരെ സഹായിക്കും.

ശരീരത്തിനേറ്റ മുറിവിനേക്കാൾ മനസിനേറ്റ മുറിവുകൾ ഭേദമാകാൻ കാലമെടുക്കുന്നു എന്ന് പറയാറുണ്ട്,
നിങ്ങൾ ആരെയെങ്കിലും അനാവശ്യമായി വേദനിപ്പിക്കുന്നവരാണെങ്കിൽ അതിൽ നിന്നും മാറി ചിന്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ.
നിങ്ങൾ അപമാനത്തിന് വിധേയരാവുന്നവരെങ്കിൽ അവസരോചിതമായി അതിനെ നേരിടാനും നിങ്ങൾക്ക് സാധിക്കട്ടെ.

നമുക്ക് ക്ഷമയും, സഹനവും കഴിവായി എന്നുമുണ്ടാകണം.. ദേഷ്യത്തെ അകറ്റി നിർത്താനാകണം.

പ്രവാചകൻ (സ) യുടെ ഒരു വചനത്തെ ഓർമിപ്പിച്ച് ഈ കുറിപ്പ് ചുരുക്കുന്നു.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.

✍️ മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം

ഡിസമ്പർ ഒന്ന്, 2020