പ്രവേശന പരീക്ഷകളുടെ സുവർണ്ണ കാലഘട്ടമാണിത്. ഡോക്ടറാവണമെങ്കിലും എന്‍ജിനീയറാവണമെങ്കിലും നിയമബിരുദം നേടണമെങ്കിലും ഇംഗ്ലീഷ് ഹ്യൂമാനിറ്റീസ് എന്നിവയില്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടണമെങ്കിലുമൊക്കെ എന്‍ട്രന്‍സ് എക്സാം എന്ന കടമ്പ കടന്നേ പറ്റൂ.
വര്‍ഷാന്ത്യപരീക്ഷയ്ക്കും പ്രവേശനപരീക്ഷകള്‍ക്കും ഒരേസമയം തയ്യാറെടുക്കേണ്ടി വരുന്നതിനാലും ഇവയുടെ പരീക്ഷാരീതി വ്യത്യസ്തമായതിനാലും മിക്ക വിദ്യാര്‍ത്ഥികളും ആശയക്കുഴപ്പത്തില്‍ ചെന്നുചാടാറുണ്ട്. എന്നാല്‍ കൃത്യമായ പ്ലാനിങ്ങ് മുഖേന ഈ ആശയക്കുഴപ്പം ഒഴിവാക്കാവുന്നതേയുള്ളൂ.

മെഡിക്കൽ പൊതു പരീക്ഷയെ അറിയുക:

പരീക്ഷാരീതിയും സിലബസും മനസ്സിലാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഉദാഹരണമായി മെഡിക്കല്‍ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ നീറ്റ് (NEET) ന്‍റെ സിലബസ് 11, 12 ക്ലാസ്സുകളിലെ സിബിഎസ്ഇ സിലബസ് തന്നെയാണ്. 2021ലെയും NEET പരീക്ഷ മെഡിക്കൽ കോഴ്സിനുള്ള പൊതു പരീക്ഷ തന്നെയാണ്. AIIMS, ജിപ്മെർ പ്രവേശന പരീക്ഷകൾ 2020 മുതൽ NEET തന്നെയായി മാറി.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള NEET UG പരീക്ഷയ്ക്കു നാലു വിഷയങ്ങളില്‍നിന്നായി 180 ചോദ്യങ്ങളുണ്ടാവും; അതായത് ഒരു വിഷയത്തില്‍ നിന്ന് 45 ചോദ്യങ്ങള്‍.

ഒരു ചോദ്യത്തിന് ഉത്തരം നല്കാന്‍ എത്ര സമയം ലഭിക്കുമെന്ന് ഇതില്‍നിന്നു കണക്കാക്കാം. ഈ സമയപരിധിക്കുള്ളില്‍ ഉത്തരമെഴുതാനുള്ള കഴിവാര്‍ജ്ജിക്കുകയാണു പഠനലക്ഷ്യം.
ആകെ 720 മാര്‍ക്ക്. ശരിയുത്തരത്തിനു നാലു മാര്‍ക്കും തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാര്‍ക്കും.
മുന്‍ വര്‍ഷങ്ങളിലെ പാറ്റേണ്‍വച്ചു നോക്കിയാല്‍ 550 മാര്‍ക്കിനു മുകളില്‍ നേടുക എന്നതായിരിക്കണം ലക്ഷ്യം.
ഇത്തരത്തില്‍ നിങ്ങള്‍ എഴുതാനുദ്ദേശിക്കുന്ന പ്രവേശനപരീക്ഷയെ മനസ്സിലാക്കിയശേഷം നിങ്ങളുടെ ലക്ഷ്യം നിര്‍ണയിക്കണം.

പഠനരീതി:

എന്‍സിഈആര്‍ടി പാഠപുസ്തകങ്ങള്‍ അടിസ്ഥാന സ്റ്റഡിമെറ്റീരിയല്‍ ആക്കിക്കൊണ്ടു പഠനം തുടങ്ങാം. പാഠപുസ്തകത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആണ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു പ്രധാനമായും ചോദിക്കുക.
അതു കൊണ്ടുതന്നെ എന്‍ട്രന്‍സ് പരീക്ഷ “ടെസ്റ്റ് ബുക്ക് ഓറിയന്‍റഡ്” ആണെന്നു പറയാം. അടിസ്ഥാന ആശയങ്ങള്‍ (concepts) മനസ്സിലാക്കിയുള്ള പഠനമാണു വേണ്ടത്. പേരുകള്‍, ഫോര്‍മുലകള്‍ തുടങ്ങി മനഃപാഠം പഠിക്കേണ്ട കാര്യങ്ങളിലൊഴികെ ‘കാണാപാഠം പഠിക്കുക’ എന്ന രീതി ഒരിക്കലും പ്രയോജനം ചെയ്യുകയേ ഇല്ല.

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഒരാവര്‍ത്തി പഠിച്ചതിനുശേഷം മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ ഉത്തരം ചെയ്തു നോക്കാം. ഇതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍പഠനം പ്ലാന്‍ ചെയ്യാന്‍ കഴിയും. അധികവായന ആവശ്യമായ ഭാഗങ്ങള്‍ക്കു മറ്റു പുസ്തകങ്ങളെ ആശ്രയിക്കാം. അതുപോലെ, മോശമായ വിഷങ്ങള്‍ക്കും പാഠഭാഗങ്ങള്‍ക്കും പിന്നീടുള്ള പഠനത്തില്‍ കൂടുതല്‍ സമയം അനുവദിക്കാം.

ടൈംടേബിള്‍:

കൃത്യമായ ടൈംടേബിളിന്‍റെ അടിസ്ഥാനത്തില്‍ വേണം പഠനം നടത്തേണ്ടത്. ദീര്‍ഘകാലത്തേക്കും ഷോര്‍ട്ട് ടേമിനും ടൈംടേബിള്‍ ഉണ്ടാക്കണം. ഓരോരുത്തരും അവരവരുടെ ശക്തിദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി വേണം ടൈംടേബിള്‍ ഉണ്ടാക്കേണ്ടത്. മോശമായ വിഷയങ്ങള്‍ക്കും പാഠഭാഗങ്ങള്‍ക്കും കൂടുതല്‍ സമയം നല്കണമെന്നര്‍ത്ഥം.

ഓരോ ദിവസത്തിനുമൊടുവിലും വാരാന്ത്യത്തിലും മാസത്തിന്‍റെ അവസാനവുമൊക്കെ ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അത്യാവശ്യ ഘട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയുമാവാം.

പരിശീലനകേന്ദ്രങ്ങള്‍:

പ്രവേശനപരീക്ഷകള്‍ വിജയിക്കുവാന്‍ അതിനായുള്ള പരിശീലനകേന്ദ്രങ്ങളിലെ പഠനം അത്യന്താപേക്ഷതമല്ല എന്നതാണ് നഗ്നയാഥാർത്ഥ്യം. ചിട്ടയായ പ്ലാനിങ്ങോടെ കഠിനപ്രയത്നം നടത്തുന്ന ഏതു വിദ്യാര്‍ത്ഥിക്കും പരിശീലനകേന്ദ്രങ്ങളുടെ സഹായമില്ലാതെ തന്നെ വിജയം കൈവരിക്കുവാന്‍ കഴിയും. എന്നാല്‍ ലക്ഷ്യബോധം സൃഷ്ടിക്കുവാനും മാതൃകാചോദ്യങ്ങള്‍ പരിശീലിക്കുന്നതിലും പരിശീലനകേന്ദ്രങ്ങള്‍ സഹായകരമാകും എന്നതിൽ സംശയം വേണ്ട.

ഒരു പ്രത്യേക പരിശീലനകേന്ദ്രത്തില്‍ പഠിച്ചാല്‍ മാത്രമേ പരീക്ഷാവിജയം നേടാനാവൂ എന്ന രീതിയിലുള്ള ചിന്ത അബദ്ധമാണ്. ഒരു വിദ്യാര്‍ത്ഥിയുടെ വിജയം അയാളുടെ കഠിനാദ്ധ്വാനത്തില്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.

മാതൃകാപരീക്ഷകള്‍:

മാതൃകാ ചോദ്യപേപ്പറുകള്‍ക്കു നിശ്ചിത സമയ പരിധിക്കുള്ളില്‍ ഉത്തരം കണ്ടെത്തി പരിശീലിക്കുന്നതു പ്രവേശന പരീക്ഷാപരിശീലനത്തില്‍ ഏറെ പ്രയോജനപ്രദമാണ്. മുന്‍കാല ചോദ്യപേപ്പറുകളിലും ഗൈഡുകളിലും മറ്റും ലഭ്യമായ ചോദ്യങ്ങളും ഇതിനായി ഉപയോഗിക്കാം.

മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളിലൂടെ കടന്നുപോകുമ്പോള്‍ അവയുടെ പാറ്റേണ്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് നീറ്റ് പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറില്‍ 55 ശതമാനം ചേദ്യങ്ങള്‍ മെക്കാനിക് പാഠഭാഗത്തുനിന്നാണു കണ്ടുവരുന്നത്. ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ നമ്മുടെ പഠനത്തിനും ടൈംടേബിള്‍ തയ്യാറാക്കലിനും കൂടുതല്‍ വ്യക്തത നല്കും.

ബോര്‍ഡ് എക്സാമും എന്‍ട്രന്‍സും എങ്ങിനെ കാണണം:

വര്‍ഷാന്ത പരീക്ഷയ്ക്കും പ്രവേശനപരീക്ഷയ്ക്കുമുള്ള തയ്യാറെടുപ്പുകള്‍ ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന പരാതി ഒട്ടുമിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ട്.
രണ്ടു പരീക്ഷകളുടെയും സിലബസ് ഒന്നായിരിക്കെ, ഈ പരാതിക്കു വലിയ അടിസ്ഥാനമൊന്നുമില്ലെന്നതാണു നേര്. പരിശീലനകേന്ദ്രങ്ങളിലെ ടെസ്റ്റുകള്‍ക്ക് അമിതപ്രാധാന്യം നൽകുന്നവര്‍ക്കാണ് ആശയക്കുഴപ്പമുണ്ടാകുന്നത്. അടിസ്ഥാന ആശയങ്ങള്‍ക്ക് ഊന്നല്‍ നല്കി പഠിക്കാത്തവര്‍ക്കും പ്രശ്നങ്ങളുണ്ടാവാം.

ബോര്‍ഡ് എക്സാം അടുക്കുമ്പോള്‍ അതിന്‍റെ മാതൃകാചോദ്യങ്ങള്‍ മാത്രം പരിശീലിച്ചാല്‍ മതി. ബോര്‍ഡ് എക്സാമിനുശേഷം പ്രവേശനപരീക്ഷാ ചോദ്യങ്ങളെ പരിശീലിക്കണം. കഠിനപ്രയത്നത്തിലൂ ടെ ഏതൊരു വിദ്യാര്‍ത്ഥിക്കും പ്രവേശന പരീക്ഷകളില്‍ ഉന്നതവിജയം നേടുവാനാകുമെന്നതാണു യാഥാര്‍ത്ഥ്യം.

✍️ Mujeebulla K M
സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം

Related Posts

Leave a Reply

Your email address will not be published. Required fields are marked *