വീട്ടകങ്ങൾ ശാന്തിയുടെ ഇടമാകണം.

വീട്ടകങ്ങൾ ശാന്തിയുടെ ഇടമാകണം.

ഓടിത്തളരുമ്പോള്‍ മടങ്ങിവരാന്‍ പറ്റുന്ന ഒരേ ഒരിടമാണ് വീട്. തോറ്റയിടത്തു നിന്നും വീണിടത്തു നിന്നും പിടിച്ചുകയറുവാനുള്ള ഊര്‍ജ്ജം ലഭ്യമാവുന്ന ഇടമാണ് വീട്. കരഞ്ഞു തളരുമ്പോള്‍ സാന്ത്വനമേകുന്ന ഇടമാ ണ് വീട്. എല്ലാവരും ഉപേക്ഷിച്ചാലും ചേര്‍ത്തു പിടിക്കുന്ന ഇടമാണ് വീട്.

പക്ഷേ ഇന്നത്തെ വീടുകള്‍ക്ക് ഈ സവിശേഷതകള്‍ എല്ലാം സമാസമം ചേര്‍ന്നിട്ടുണ്ടോ ആവോ? പ്രത്യേകിച്ച്‌ ഈ കോവിഡ് കാലത്ത്.

ജീവിക്കാന്‍ ഊര്‍ജ്ജം വേണം. നിരന്തരം സമരം ചെയ്യുവാനുള്ള ഊര്‍ജ്ജം. സമരം അവനവന്‍റെ പരിമിതികളോടും സാഹചര്യങ്ങളുടെ വൈപരീത്യങ്ങളോടും സമൂഹത്തിന്‍റെ ക്രൂരതയോടും ഒക്കെ വേണ്ടിവരും. കുട്ടികളും മുതിർന്നവരുമൊക്കെയും സമരം ചെയ്യുന്നുണ്ട്. പാഠ്യവിഷയങ്ങളോട്, സമയക്രമത്തോട്, അച്ചടക്ക നിയമങ്ങളോട്, ഒക്കെയും.
ചില കുട്ടികള്‍ ഇതിനോടൊക്കെ ശാന്തമായി, വെറുപ്പില്ലാതെ സമരം ചെയ്യുന്നു. മറ്റു ചിലര്‍ വൈരാഗ്യത്തോടെ, നിഷേധ മനോഭാവത്തോടെ യുദ്ധം ചെയ്യുന്നു. ഇത്തരം നിഷേധാത്മകത വളര്‍ന്ന് നശീകരണ മനോഭാവങ്ങൾ ഉണ്ടാക്കുന്നതായും കണ്ടിട്ടുണ്ട്. അതുകൊണ്ട്, ആരോഗ്യകരമായ ഒരു തന്ത്രം ഈ കാര്യത്തില്‍ കുട്ടികളെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ടെന്നു തോന്നുന്നു.

എല്ലാ വിഷയത്തിനും A+ വാങ്ങി ജയിച്ച് ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ദാരിദ്ര്യത്തോടു പടപൊരുതിയാണ് അവള്‍ ഇത്ര ഉന്നതമായ വിജയം കൊയ്തത്. എന്നിട്ടും, എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് ആ കുട്ടി ആത്മഹത്യ ചെയ്തു. അവളുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയതിന്‍റെ മനോവിഷമമാണത്രേ അവളെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത്! അവളുടെ ദൈന്യം ആഘോഷിച്ചിരുന്നു വാര്‍ത്തകളിലൂടെ. ആരുടെയും ഔദാര്യം തേടാതെ, അദ്ധ്വാനിച്ചു ജീവിച്ച ആത്മാഭിമാനമുള്ള ഒരു കുടുംബത്തെ അപമാനിച്ച് ജീവിതത്തോടു സമരം ചെയ്യുവാനുള്ള മുഴുവന്‍ ഊര്‍ജ്ജവും കുത്തിച്ചോര്‍ത്തിക്കളഞ്ഞത് നമ്മളടങ്ങുന്ന സമൂഹമാണ്.

കിളിക്കൂട്ടില്‍ അമ്മക്കിളി കിളിക്കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കുന്നതു കണ്ടിട്ടുണ്ടോ?
അമ്മക്കിളി കുഞ്ഞിനെ കൂട്ടില്‍ നിന്നും, താഴേക്കു തള്ളിയിടും. അപ്പോഴാ കുഞ്ഞിച്ചിറകുകള്‍ താനെ വിടരും. താഴെ ഒരു ചില്ലയില്‍ പിടികിട്ടുമ്പോള്‍ അവിടെ ഇരിക്കും. കൂടിന്‍റെ സുരക്ഷിതത്വം നഷ്ടപ്പെടുമ്പോഴാണ് പറക്കാന്‍ പഠിക്കുന്നത്.

ഉയരമുള്ള മരത്തിന്‍റെ ഉയര്‍ന്ന പൊത്തിലാണ് റക്കൂണുകള്‍ (Raccoons) താമസിക്കുന്നത്. പകല്‍നേരങ്ങളില്‍ അമ്മ കുഞ്ഞുങ്ങളുമായി തീറ്റ തേടാന്‍ താഴേക്കിറങ്ങി വരും. സന്ധ്യയായാല്‍ മക്കളെ മാളത്തില്‍ കയറ്റുകയും ചെയ്യും. കാട്ടിലലയുന്നതിന്‍റെ സുഖം പിടിച്ച കുഞ്ഞുങ്ങള്‍ മാളത്തില്‍ കയറാന്‍ വിസമ്മതിക്കും. അപ്പോള്‍ അമ്മ അവ യെ തള്ളിക്കയറ്റും വീട്ടിലേക്ക്.

നമ്മള്‍ മനുഷ്യര്‍ മക്കളെ വളര്‍ത്തുന്നത് സുരക്ഷിതരായിരുന്നുകൊണ്ട്, പൊരുതി ജയിക്കാനും, അത് ആസ്വദിച്ചു ജീവിക്കുവാനും പ്രാപ്തരാക്കിക്കൊണ്ടാണോ?

കുറെ നാളുകൾക്ക് മുമ്പ് അക്ഷര എന്ന പതിനാറു വയസുകാരിയുടെ ഒരു ടെലിവിഷന്‍ സംഭാഷണം കേള്‍ക്കാനിടയായി. അക്ഷര എച്ച്.ഐ.വി. പോസിറ്റീവാണ്. അവളുടെ അനിയനും എച്ച്.ഐ.വി. പോസിറ്റീവ് തന്നെ. അമ്മയും അച്ഛനും നേരത്തെ മരിച്ചുപോയി; എയ്ഡ്സ് ആയിരുന്നു. അന്ന് അക്ഷരയ്ക്ക് ഏഴു വയസേ ഉണ്ടായിരുന്നുള്ളൂ. അച്ഛന് എയ്ഡ്സ് രോഗമാണെന്നറിഞ്ഞതു മുതല്‍ ബന്ധുക്കളും നാട്ടുകാരും അവരെ അകറ്റി നിര്‍ത്തി. മരിക്കും മുന്‍പ് അമ്മയോട് അച്ഛന്‍ പറഞ്ഞു. “നീ കുഞ്ഞുങ്ങളെ വളര്‍ത്തണം. ആത്മഹത്യ ചെയ്യരുത്.”
ഈ സംഭവങ്ങള്‍ ആ ഏഴു വയസുകാരിയെ ശാക്തീകരിക്കാന്‍ പോന്നതായി. അവള്‍ അമ്മയോടു ചേര്‍ന്നു നിന്നു; പട്ടിണിയിലും അ വഗണനയിലും പരിഹാസത്തിലും കുറ്റപ്പെടുത്തലിലും. അച്ഛന്‍റെ വീട്ടുകാര്‍ ശപിച്ചു കൊണ്ടേയിരുന്നു. കണ്‍വെട്ടത്തുപോലും എത്താന്‍ അനുവദിച്ചില്ല. അമ്മാവന്മാര്‍ അരിയും പയറും നല്‍കി സഹായിച്ചു. പിന്നെ സാമൂഹിക പ്രവര്‍ത്തകരും. അതില്‍ പിടിച്ച് അവര്‍ ജീവിച്ചു.
അക്ഷരയുടെ ആഗ്രഹം ഒരു കളക്ടര്‍ ആകണമെന്നാണ്. മറ്റുള്ളവരെ ജീവിച്ചു കാണിച്ചു കൊടുക്കണമെന്നും. ആത്മഹത്യയെക്കുറിച്ച് അക്ഷര ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല.
അപമാനിക്കപ്പെട്ടു എന്നത് വെറും തോന്നലാണ്. ആര്‍ക്കാണ് മറ്റൊരാളെ അപമാനിക്കാന്‍ കഴിയുക. സ്വയം കുനിഞ്ഞുകൊടുക്കാ തെ?
അപമാനിക്കുന്നവരുടെ തലക്കുമേലെ പറക്കാനുള്ള വഴി ആലോചിക്കുവാനാണ് കുട്ടികള്‍ പഠിക്കേണ്ടത്, അക്ഷരയെപ്പോലെ. അതിനവരെ തുണക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്, അക്ഷരയുടെ അമ്മയെപ്പോലെ.
വീട് എല്ലാ അപമാനത്തിനും പരിഹാരം നല്‍കുന്ന ഇടമാണ്. അത് ഒരു മരത്തണൽ ആണെങ്കില്‍പ്പോലും.
നമ്മുടെ വീട്ടകങ്ങൾ മക്കൾക്ക് പോസിറ്റീവ് എനർജി പകരാനുള്ള ഇടമാകണം.
ആശ്വാസകേന്ദ്രമാവണം.

സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം.