സമയത്തിൻ്റെ മൂല്യത്തെ നിസാരമാക്കരുത്

സമയത്തിൻ്റെ മൂല്യത്തെ നിസാരമാക്കരുത്

ഇന്നത്തെ ലോകത്തുള്ള മനുഷ്യരൊക്കെ സമ്പത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും എല്ലാം വ്യത്യസ്തരാണ്. പക്ഷെ, ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യർക്കും ഒരു പോലെ ലഭിക്കുന്ന ഒന്നാണ് സമയം എന്ന മഹാ അനുഗ്രഹം.

സമയം അമ്യൂല്യമാണ്, അത് പാഴാക്കികളയാനുള്ളതല്ല. നല്ല സമയം, ചീത്ത സമയം അങ്ങനെ ഒന്നില്ല. എല്ലാ ക്ലോക്കും ചലിക്കുന്നത് സമയം ചൂണ്ടിക്കാണിക്കാൻ മാത്രമാണ്.

നിങ്ങളുടെ സമയം പരിമിതമാണ്, അത് ഒരിക്കലും മറ്റൊരാളുടെ ജീവിതത്തെ പകർത്തലാകരുത്.” ആപ്പിൾ കമ്പനിയുടെ CEO ആയിരുന്ന സ്റ്റീവ് ജോബ്സ് പറഞ്ഞതാണിത്.

സമയം പാഴാക്കുക എന്നു നാം പറയാറുണ്ടല്ലോ! ശരിക്കും സമയമാണോ പാഴാകുന്നത്? പാഴാകുന്നത് നമ്മുടെ ജീവിതമല്ലെ! സമയത്തിനെ ഏറ്റവും നല്ല രീതിയിൽ ക്രമീകരിച്ച്, ജീവിതത്തിൽ മികച്ച മുൻഗണനാ തീരുമാനമെടുത്ത് മുന്നോട്ടു പോവുന്നവർക്കാണ് ജീവിതവിജയം നേടാനാവുന്നത് എന്നത് പച്ചയായ സത്യമാണ്.

സമയത്തെ ക്രമീകരിച്ചു മുന്നോട്ടു പോയിട്ടുള്ളവർ മാത്രമാണ് ചരിത്രത്തിലും വർത്തമാനകാലത്തും വിജയിച്ചിട്ടുള്ളൂ എന്നറിയുക. സമയത്തെ ഒരാൾക്കും പിടിച്ചു നിർത്താൻ സാധ്യമല്ല. അതുകൊണ്ടു തന്നെ നമ്മുടെ ജീവിത വിജയത്തിനു സമയ ക്രമീകരണം അത്യാവശ്യമാണ് എന്ന പരമാർത്ഥത്തെ നമ്മൾ മനസ്സിലാക്കിയേ തീരൂ.

സമയത്തിന്‍റെ അമൂല്യമായ വിലയെ അറിയണമെങ്കിൽ…

➡️ ഒരു വര്‍ഷത്തിന്‍റെ വിലയറിയണമെങ്കിൽ പരീക്ഷകളിൽ ഒരു വര്‍ഷം തോറ്റ ഒരു വിദ്യാര്‍ത്ഥിയോടു ചോദിച്ചു നോക്കുക.

➡️ ഒരു മാസത്തിന്‍റെ വിലയറിയണമെങ്കിൽ മാസം തികയാതെ പ്രസവിക്കേണ്ടി വന്ന ഒരു അമ്മയോടു ചോദിച്ചു നോക്കുക.

➡️ ഒരു ആഴ്ചയുടെ വിലയറിയണമെങ്കിൽ ഒരു ആഴ്ചപ്പതിപ്പിന്‍റെ എഡിറ്ററെ കണ്ടാൽ ചോദിച്ച് നോക്കുക.

➡️ ഒരു ദിവസത്തിന്‍റെ വിലയറിയണമെങ്കിൽ ഒരു ദിവസക്കൂലിക്ക് പണി യെടുക്കുന്നവനോട് ചോദിക്കുക.

➡️ ഒരു മണിക്കൂറിന്‍റെ വിലയറിയണമെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്ന ആളോടു ചോദിക്കുക.

➡️ ഒരു മിനിറ്റിന്‍റെ വിലയറിയണമെങ്കിൽ സമയത്ത് എത്താത്തതുമൂലം ട്രെയിനോ ബസ്സോ വിമാനമോ നഷ്ടപ്പെട്ട സുഹൃത്തിനോട് ചോദിച്ച് നോക്കുക,

➡️ ഒരു സെക്കന്‍ഡിന്‍റെ വിലയറിയണമെങ്കിൽ വലിയ നീര്‍ക്കയത്തിൽ/അപകടത്തിൽ നിന്നു രക്ഷപ്പെട്ട വ്യക്തിയോടു ചോദിച്ച് നോക്കുക.

➡️ ഒരു മില്ലി സെക്കന്‍റിന്‍റെ വിലയറിയണമെങ്കിൽ ഒളിമ്പിക്സിൽ സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ടു വെള്ളിമെഡൽ കിട്ടിയ വ്യക്തിയോടു ചോദിക്കുക. (PT ഉഷയെന്ന അത്ലറ്റ് ഇതിഹാസത്തെ കണ്ടാലും മതി)

➡️ ഒരു മൈക്രോസെക്കന്‍ഡിന്‍റെ വിലയറിയണമെങ്കിൽ ഫിസിക്സിലും മറ്റും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരോടു ചോദിച്ച് നോക്കുക.

ഇന്നത്തെ ലോകത്തിൽ റോഡപകടങ്ങളും രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളുമെല്ലാം നമ്മുടെ നാളെകളെ കറിച്ച് ഒരു ഉറപ്പും നല്കാത്ത അവസ്ഥാ വിശേഷമുള്ളപ്പോൾ ഈ ദിവസത്തെ, ഈ നിമിഷത്തെ ഒരു ദാനമായി, നിധിയായി കണ്ടു നമുക്ക് വിനിയോഗിച്ചുകൂടേ.

വാസ്തവത്തിൽ നമുക്കുണ്ട് എന്നു പറയാവുന്നത് ഈ നിമിഷം മാത്രമാണ്. ഓരോ നിമിഷത്തിനും നാം നമ്മെ സൃഷ്ടിച്ചവനോട് നന്ദിയുള്ളവനായിരിക്കണം. നമുക്കുളളത് ഈ ശ്വാസം മാത്രം. അടുത്ത നിമിഷത്തിൽ ശ്വസിക്കാനാകുമോ എന്ന് ഒരു ഉറപ്പും നമുക്കില്ല. ഓരോ ഉച്ഛ്വാസത്തിലും ജീവിതം കഴിഞ്ഞ് പോവുകയാണ്. ഇന്നലെകളൊക്കെ ഇന്നലകളിൽ കടന്നുപോയി; നാളെയെക്കുറിച്ച്, അടുത്ത നിമിഷത്തെക്കുറിച്ച് ഒന്നും നമുക്ക് ഒരു ഉറപ്പുമില്ല. നമുക്കു സ്വന്തമായിട്ടുള്ളത് ഈ നിമിഷം മാത്രം. ഇതിനെ ഒരു നിധിയെന്നപോലെ കരുതി പാഴാക്കാത ഉപയോഗിക്കുക. സമയം അമൂല്യമാണെന്ന് പറയേണ്ടിവരുന്നത് അങ്ങിനെയൊക്കെയാണ്.

(ഇന്നലെ രാത്രി മലപ്പുറത്ത് ഒരു കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോ, 8 പേരടങ്ങുന്ന ഒരു കുടുമ്പം പ്രകൃതിക്ഷോഭത്തിൽ വീടു തകർന്നുണ്ടാകുന്ന അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ആ വാർത്ത കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ)

✍️ മുജീബുല്ല KM
സിജി ഇൻറർനാഷനൽ
കരിയർ R&D കോർഡിനേറ്റർ