❓ഡിസ്റ്റൻസായി കേരളത്തിൽ നിന്ന് ഡിഗ്രി എടുക്കാൻ ഞാനെന്ത് ചെയ്യണം
✅വിദൂര പഠന സ്ഥാപനം/സർവകലാശാല, പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. ഓപ്പൺ യൂണിവേഴ്സിറ്റികൾ വഴിയും, യൂണിവേഴ്സിറ്റികളുടെ ഡിസ്റ്റൻസ് എജ്യൂക്കേഷൻ സ്കൂളുകൾ/കേന്ദ്രങ്ങൾ വഴിയും വിദൂരപഠന രീതിയിലെ കോഴ്സുകളിൽ പഠിക്കാം. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇ.ജി.എൻ.ഒ.യു -ഇഗ്നൗ), വിദൂരപഠന മേഖലയിലെ, മുൻനിര യൂണിവേഴ്സിറ്റിയാണ്. വിശദാംശങ്ങൾ അറിയാൻ, www.ignou.ac.in കാണണം.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) സ്ഥാപനമായ, ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ (ഡി.ഇ.ബി) ആണ് വിദൂരപന കോഴ്സുകൾക്ക് അംഗീകാരം കൊടുക്കുന്ന സർക്കാർ സംവിധാനം. ഈ രീതിയിൽ കോഴ്സുകൾ നടത്തുന്നതിനായി അവർ അംഗീകാരം നൽകിയിട്ടുള്ള സർവകലാശാലകൾ (ഓപ്പൺ സർവകലാശാലകൾ ഉൾപ്പടെ)/സ്ഥാപനങ്ങൾ, അവർക്ക് നടത്താവുന്ന കോഴ്സുകൾ എന്നിവ https://www.ugc.ac.in/deb/ എന്ന വെബ്സൈറ്റിൽ, അംഗീകാര കാലാവധി വ്യക്തമാക്കി നൽകിയിട്ടുണ്ട്. അത് പരിശോധിക്കുക.
ഈ പട്ടിക പ്രകാരം 2020-21 വർഷത്തിൽ, കേരളത്തിൽ, കേരള, കോഴിക്കോട്, കണ്ണൂർ സർവകലാശാലകൾക്ക് വിദൂര പഠന കോഴ്സുകൾ നടത്താനുള്ള അനുമതിയുണ്ട്. പ്രവേശന രീതി മനസ്സിലാക്കാൻ സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ വെബ് സൈറ്റ് പരിശോധിക്കണം. കേരള: http://ideku.net/, കോഴിക്കോട്: http://sdeuoc.ac.in/, കണ്ണൂർ: http://www.sde.kannuruniversity.ac.in/.
സിജി ഇൻറർ നാഷനൽ കരിയർ ടീം