അർത്ഥവത്തായ ഒരു കിളി വചനം…
ഒരിടത്ത് ഒരു പക്ഷി പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കുവാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു .
ആ മരം കിളിയോട് സംസാരിച്ചു.
” എന്ത് ധൈര്യത്തിലാണ് നീ ഈ ദുർബലമായ ഉണങ്ങിയ ചില്ലയിൽ വന്നിരിക്കാനൊരുങ്ങുന്നത്?
ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പിൽ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ.
നിന്നെ ഞാൻ വഹിച്ചു കൊള്ളാം.
എന്നാൽ ആ ഉണങ്ങിയ ചില്ലയെ കുറിച്ച് എന്നിക്കൊരുറപ്പും തരാൻ കഴിയില്ല.
“വൃക്ഷമേ ” പക്ഷി പറഞ്ഞു
“നിന്റെ ആതിഥ്യത്തിന് നന്ദി.
എന്നാൽ ഉണങ്ങിയ ചില്ലയിൽ ഇരിക്കുന്നതിന് എനിക്ക് പേടിയില്ല. എന്തുകൊണ്ടെന്നാൽ ഞാൻ വിശ്വസിക്കുന്നത് എനിക്ക് ഈശൻ കനിഞ്ഞ് നൽകിയ അനുഗ്രഹമായ എന്റെ ചിറകുകളിൽ ആണ്. ചില്ല ഒടിഞ്ഞു വീണാലും എനിക്കൊന്നും സംഭവിക്കുകയില്ല. ഞാൻ പറന്നുപോകും. ” ആത്മവിശ്വാസം നിറഞ്ഞു നിന്ന ആ വാക്കുകൾ കേട്ട് വൃക്ഷം പുഞ്ചിരിച്ചു.
നമ്മളിൽ എത്രപേർക്ക് ഇതുപോലെ പറയാൻ കഴിയും ? നമ്മെ സൃഷ്ടിച്ച ദൈവത്തെ മറന്ന്
നമുക്ക് അഭയം തരുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ , പ്രസ്ഥാനങ്ങൾ , ഗുരുസ്ഥാനീയർ, സമൂഹം…. മുതലായ ആയിരക്കണക്കിന് ഘടകങ്ങളിൽ ഏതെങ്കിലുമൊന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് മിക്കവാറും പേർ സമാധാനമായി ജീവിക്കുന്നത്.
കിട്ടിയ ജോലി പോയാൽ , പരീക്ഷയിൽ തോറ്റാൽ , ഭർത്താവ് ഉപേക്ഷിച്ചാൽ , സ്നേഹമുള്ളവർ തള്ളിപറഞ്ഞാൽ , രോഗം വന്നാൽ …. നാമൊക്കെ എന്തുചെയ്യും ?
ആ പക്ഷിയുടെ വിശ്വാസത്തിന്റെ ഒരു അംശമെങ്കിലും നമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് എപ്പോഴും എവിടേയും ആത്മവിശ്വാസത്തോടു കൂടി തലയുയർത്തിതന്നെ നടക്കാമായിരുന്നു.
“ഞാൻ വിശ്വസിക്കുന്നത് ദൈവം തമ്പുരാൻ എനിക്ക് കനിഞ്ഞ് നൽകിയ അനുഗ്രഹമായ എന്റെ ചിറകുകളിൽ ആണ് . ഈ ചില്ലയുടെ ബലത്തിലല്ല.”
എത്ര ഗഹനമായ , അർത്ഥവത്തായ , ധീരമായ കിളി വാക്കുകൾ .
ദൈവം നമുക്കൊരു പാട് അനുഗ്രഹങ്ങൾ കനിഞ്ഞ് നൽകിയിട്ടുണ്ട്. അതിനെ ഓർത്ത്, അതിൻ്റെ മഹത്വങ്ങൾ മനസിലാക്കി, കരുണാമയനായ, ഔദാര്യവാനായ ദൈവത്തെ വാഴ്ത്തിക്കൊണ്ട് നമ്മൾ ജീവിക്കണം. അവർക്കായിരിക്കും ആത്മവിശ്വാസത്തോടെ, ശുഭപ്രതീക്ഷകളോടെ ജീവിതത്തിൽ മുന്നോട്ട് പോകാനാകുക.
✍️ മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ
കരിയർ R&D കോർഡിനേറ്റർ