ആത്മാഭിമാനമുള്ളവനാകണം നിങ്ങൾ ആത്മവിശ്വാസമുള്ളവനാകണം.
അവനവനെപ്പറ്റിയുള്ള ഒരു വിലമതിപ്പ് സ്വയം തോന്നുന്ന അവസ്ഥയാണ് സെൽഫ് എസ്റ്റീം. അങ്ങിനെയുള്ള അവസ്ഥയില്‍ അയാള്‍തന്നെ ഒരു തീരുമാനത്തിലെത്തുന്നു. ‘ഞാന്‍ മോശക്കാരനല്ല’ എന്ന്. അങ്ങിനെയൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആരെന്തു പറഞ്ഞാലും ആ ഉറച്ച തീരുമാനത്തില്‍ നിന്ന് മാറ്റം വരില്ല. ഇതാണ് സെല്‍ഫ് എസ്റ്റീമിന്റെ ഒരു അടിസ്ഥാന സ്വഭാവം. സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ക്ക് അയാളുടെ അക്കാദമിക്ക് ആച്ചീവ്മന്റ് (Academic achievement) അഥവാ വിദ്യാഭ്യാസ നേട്ടം/വിജയം ഭംഗിയായി പൂര്‍ത്തീകരിച്ചു എന്നും, വിവാഹ ജീവിതം ഭംഗിയായി ആഘോഷിക്കുന്നു എന്നും, എനിക്ക് പറ്റിയ കൂട്ടുകാരനെയാണ്/പങ്കാളിയെയാണ് ലഭിച്ചിരിക്കുന്നത് എന്നും, എന്റെ ബന്ധങ്ങളെല്ലാം ശരിയാണെന്നും എന്തിനേറേ… ഒരു കുറ്റവാളിയാണെങ്കില്‍ പോലും ഞാന്‍ ചെയ്തത് ശരിയാണെന്ന രീതിയില്‍ ചിന്തിച്ചും സന്തോഷിക്കുന്നു. ആരും അംഗീകരിക്കാത്ത ഒരെഴുത്തുകാരന് സെല്‍ഫ് എസ്റ്റീം ഉണ്ടെങ്കില്‍ അയാള്‍ സ്വയം സന്തോഷിക്കുന്നു ഞാന്‍ നല്ലൊരെഴുത്തുകാരനാണെന്ന്. എന്നാൽ ഞാനൊന്നിനും കൊള്ളില്ല, എന്നെ ആര്‍ക്കും ഇഷ്ടമില്ല എന്നുള്ളൊരു ചിന്താഗതിയുള്ള ആള്‍ക്ക് വളരെ താഴ്ന്ന നിലവാരത്തിലുള്ള സെല്‍ഫ് എസ്റ്റീം ആയിരിക്കും എപ്പോഴും ഉണ്ടാവുക.
ഒരു മനുഷ്യന്റെ ജീവിതത്തിൽ ലഭ്യമാവുന്ന ഏറ്റവും വലിയ സമ്പത്തുകളിൽ ഒന്നാണ് ഒരാൾക്ക് അയാളെക്കുറിച്ച് തോന്നുന്ന മതിപ്പ് എന്നുള്ളത്. ഒരു വ്യക്തിയുടെ സന്തോഷത്തിലേക്കുള്ള ആദ്യ വഴി എന്നത് സ്വന്തത്തെ തന്നെ സ്നേഹിക്കുക എന്നതാണ്.
എന്താണ് സ്വയം ബഹുമാനം? അഥവാ ആത്മാഭിമാനം (self esteem) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.
ഒരു വ്യക്തിയെക്കുറിച്ച് അയാൾക്കുണ്ടാകുന്ന വൈകാരികമായ വിലയിരുത്തലാണ് ‘സ്വയം ബഹുമാനം ‘ അഥവാ self esteem എന്ന് പറയുന്നത്. നമ്മളെക്കുറിച്ച് നമ്മൾത്തന്നെ സൃഷ്ടിക്കുന്ന വിലയിരുത്തലാണ് ഇത്. തന്നെക്കുറിച്ച് മതിയായ സ്വയ ബഹുമാനമുള്ള വ്യക്തികൾ ജീവിതത്തിൽ മുന്നേറുവാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മറിച്ച് തന്നെക്കുറിച്ച് അല്ലെങ്കിൽ തൻ്റെ വ്യക്തിത്വത്തെക്കുറിച്ച് വേണ്ടത്ര മതിപ്പില്ലാത്ത ഒരാൾ ജീവിതത്തിൽ മുന്നേറുക എന്നുള്ളത് വളരെ പ്രയാസമേറിയതാണ്. അതാണ് തുടക്കത്തിൽ പറഞ്ഞതും.
എങ്ങനെ സ്വയം ബഹുമാനം/ആത്മാഭിമാനം രൂപപ്പെടുത്തുവാൻ കഴിയുന്നു എന്ന് നോക്കാം.
ഒരാളുടെ അനുഭവങ്ങളിൽ നിന്നാണ് അയാളുടെ Self Esteem രൂപപ്പെടുന്നത്. ഒരു വ്യക്തിയുടെ അനുഭവങ്ങൾ, ശരിയോ തെറ്റോ ആയ വിശ്വാസങ്ങൾ, അവനവനെക്കുറിച്ചുള്ള വിലയിരുത്തലുകൾ, സ്വയമേയുള്ള വിമർശനങ്ങൾ തുടങ്ങിയവയെല്ലാം ഒരാളുടെ സ്വയ ബഹുമാനം / ആത്മാഭിമാനം രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഉദാ : ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ മാതാപിതാക്കളുടെ ശരിയായ പിന്തുണയും കരുതലുമില്ലാതെ വളർന്ന് വരുന്ന കുട്ടികൾ പൊതുവേ സ്വയം ബഹുമാനം കുറവുള്ളവരായിരിക്കും. നമ്മുടെ സാഹചര്യങ്ങൾ തന്നെയാണ് ആത്മാഭിമാനം രൂപപ്പെടുത്തുന്നതിൽ നമ്മെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകം.
എങ്ങനെ ഇത് തിരിച്ചറിയാം ?
നിങ്ങളുടെ സ്വയം ബഹുമാനത്തിന്റെ/ ആത്മാഭിമാനത്തിൻ്റെ നിലവാരം അറിയുവാൻ ഏറ്റവും നല്ല വഴി നിങ്ങളെത്തന്നെ നിങ്ങളെക്കൊണ്ട് നിരീക്ഷിക്കുക എന്നുള്ളതാണ്. പൊതുവെ Low Self Esteem ഉള്ള ആളുകൾ അവരുടെ പ്രവർത്തികളിലെല്ലാം അമിതമായ പരിപൂർണ്ണത (perfectionism) കൊണ്ടുവരുവാൻ ശ്രമിക്കുന്നവരാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾ ഇവർ എന്നും ഭയക്കുന്നു. അതുപോലെ തന്നെ അതിരുകവിഞ്ഞ പരാജയ ഭീതി ഇവരുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും.
മറ്റുള്ളവർ വിമർശിക്കുന്നതിന് മുൻപ് തന്നെ സ്വയം വിമർശനത്തിന് ഇക്കൂട്ടർ വിധേയമാവുകയും തന്റെ വ്യക്തിത്വത്തെ സ്വയം വിലകുറച്ചു കാണുന്ന തരത്തിലുള്ള അഭിപ്രായങ്ങളും കുറ്റപ്പെടുത്തലുകളും സ്വയം നടത്തുകയും ചെയ്യുന്നു. ഇവർ പൊതുവെ ശുഭാപ്തി വിശ്വാസം കുറവുള്ളവരായിരിക്കും. ആത്മവിശ്വാസക്കുറവും തൻ്റെ തീരുമാനങ്ങളിൽ സംശയ മനോഭാവവും ഇവരുടെ വ്യക്തിത്വത്തിൽ എന്നും നിഴലിക്കും.
നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ഏതൊരു നല്ല മാറ്റത്തിന്റെയും ആദ്യ പടി എന്നത് നിങ്ങളുടെ സ്വയം ബഹുമാനം എത്രത്തോളം വർദ്ധിപ്പിക്കുവാൻ സാധിക്കും എന്നുള്ളതാണ്.
ജീവിതത്തോട് Positive ആയ മനോഭാവം (Always Be Positive ) എപ്പോളും നിലനിർത്താൻ നിങ്ങളെക്കുറിച്ചുള്ള സ്വയം ബഹുമാനം / ആത്മാഭിമാനം വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്.
എങ്ങനെ സ്വയം ബഹുമാനം / ആത്മാഭിമാനം വർദ്ധിപ്പിക്കാനാവും? അതിനുള്ള 5 പടികളെ നമുക്ക് മനസിലാക്കാം.
- നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക അവയെ പരിപോഷിപ്പിക്കുക.
ഈ പ്രപഞ്ചത്തിൽ പിറന്ന് വീണ/വീഴുന്ന ഓരോ വ്യക്തിയും
അദ്വിതീയരാണ്…അതുല്യരാണ്. അനന്തമായ സാധ്യതകളുടെ ഉറവിടങ്ങളാണ്. തനിക്ക് കിട്ടിയിരിക്കുന്ന അമൂല്യമായ കഴിവെന്തെന്ന് സ്വയം തിരിച്ചറിയുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യണം. നിങ്ങൾ നിങ്ങളുടെ യഥാർത്ഥ കഴിവ് എപ്പോൾ കണ്ടുപിടിക്കുന്നുവോ അന്നേരം സ്വഭാവികമായും നിങ്ങളുടെ self esteem വർദ്ധിക്കും. സ്വയം നിരീക്ഷിക്കുന്നതിലൂടെയോ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്നൊക്കെയോ നമ്മുടെ കഴിവിനെക്കുറിച്ച് അവബോധങ്ങൾ സൃഷ്ടിച്ചെടുക്കാം.
- ഫലദായകമല്ലാത്ത സംസാരങ്ങളെ ഒഴിവാക്കുക.
സ്വയം വിലകുറച്ചു കാണുന്ന വിധത്തിലുള്ള, സ്വന്തത്തെ തരം താഴ്ത്തുന്ന നെഗറ്റിവ് ആയ സംസാരങ്ങളെ പൂർണ്ണമായും ഒഴിവാക്കണം. ഓരോ തവണ നിങ്ങൾ ഇത്തരം സംസാരങ്ങൾ നടത്തുമ്പോഴും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ സ്വയം ബഹുമാനത്തെ ഇല്ലാതാക്കുകയാണ്. ബോധപൂർവ്വം ഈ ശീലത്തെ മാറ്റിയെടുക്കുകയാണ് ചെയ്യേണ്ടത്.
- നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭക്ഷണത്തെ, ഭക്ഷണ ശീലത്തെ ഉപേക്ഷിക്കുക.
നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഭക്ഷണം കുറേ കാലത്തേക്ക് കഴിക്കാതിരിക്കുക.
ഉദാ: ചോക്ലേറ്റ് നിങ്ങളുടെ ഇഷ്ട വിഭവം ആണെങ്കിൽ കുറച്ച് വർഷത്തേക്ക് അവ കഴിക്കുന്നത് ഉപേക്ഷിക്കുക. ഇത് നിങ്ങളിൽത്തന്നെ വലിയ മതിപ്പുണ്ടാകുന്നതിന് കാരണമാവുകയും വലിയ തോതിൽ നിങ്ങളുടെ സ്വയം ബഹുമാനം വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യും.
- നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകുക. അറിവ് കുറയുകയില്ല കൊടുക്കുന്തോറും ഏറിടുകയേ ഉള്ളൂ.
നിങ്ങൾ നേടിയെടുത്ത കഴിവുകൾ അല്ലെങ്കിൽ അറിവുകൾ മറ്റൊരാളെ പഠിപ്പിക്കുന്നത്, അല്ലെങ്കിൽ വേറൊരാൾക്ക് പകർന്ന് നൽകുന്നത് നിങ്ങളുടെ self esteem വർദ്ധിക്കുന്നതിന് കാരണമാകും.
താൻ പഠിച്ച കാര്യങ്ങൾ അല്ലെങ്കിൽ തനിക്ക് ആത്മവിശ്വാസം നൽകിയ കാര്യങ്ങളിലൂടെ കടന്നുപോകുന്നത് തീർച്ചയായും നിങ്ങളുടെ സ്വയം ബഹുമാനത്തെ വർദ്ധിപ്പിക്കും.
- വിജയത്തിന്റെ അടയാളങ്ങളിലൂടെ കടന്നുപോവുക …സമയം കിട്ടുമ്പോഴൊക്കെ ഓർത്തെടുക്കുക
നിങ്ങൾ ജീവിതത്തിൽ വിജയം കൈവരിച്ച നിമിഷങ്ങളെ, അവസരങ്ങളെ ഇവയൊക്കെ ഓർത്തെടുക്കുന്നത് അതിൽനിന്നും നിങ്ങൾക്ക് ലഭിച്ച സന്തോഷം, സമ്മാനങ്ങൾ, ഫോട്ടോകൾ ഇവയെല്ലാം കാണുമ്പോൾ നിങ്ങളിൽത്തന്നെ മതിപ്പുണ്ടാകലിനും വർദ്ധിക്കലിനും സഹായകമാവും.
നിങ്ങൾ അറിയേണ്ടത്… നിങ്ങളാണ് നിങ്ങളെ ആദ്യം അംഗീകരിക്കേണ്ടത്. നിങ്ങൾ നിങ്ങളെ അംഗീകരിക്കാത്ത പക്ഷം ഈ ലോകം ഒരിക്കലും നിങ്ങളെ അംഗീകരിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക. ഞാൻ എന്നെ പൂർണാർത്ഥത്തിൽ മനസിലാക്കിയവനാണ്, ഞാൻ എന്നെ തന്നെ അംഗീകരിക്കുന്നു എന്ന ബോധ്യത്തോടെ നമ്മൾ മുന്നേറിയാൽ സമൂഹം നമ്മെ അംഗീകരിക്കയും വിലയുള്ളവനാവുകയും ചെയ്യും. സെൽഫ് എസ്റ്റീം ചെറിയ പരൽ മീനല്ല എന്നർത്ഥം.
✍️ മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം.