ജോലി എന്നത് ജോളിയല്ല
പഠിത്തമൊക്കെ കഴിഞ്ഞു ഒരു ജോലിയെ കുറിച്ച് നാം ഓർത്തു തുടങ്ങുമ്പോൾ തന്നെ നമ്മളെ തേടി വരുന്ന ഒന്നാണ് ”ഫ്രീ ആയുള്ള ഉപദേശങ്ങൾ”. സത്യം പറയട്ടെ, ഇങ്ങനെ ലഭിക്കുന്ന ഉപദേശങ്ങളിൽ മിക്കവയും നമ്മളെ കൂടുതൽ കൺഫ്യൂഷനടിപ്പിക്കാനാണു സഹായിക്കുന്നത്. “ഉപദേശത്തിന്റെയത്ര സൗജന്യമായി, ഈ ലോകത്ത് ഒന്നും ലഭിക്കുന്നില്ല’ എന്ന വരികളെ ഇത്തരുണത്തിൽ ഓർത്ത് പോവുന്നു. ഉപദേശങ്ങൾ സ്വീകരിക്കുമ്പോൾ തന്നെ, ഒരു സ്വയം വിലയിരുത്തൽ (Self Review) നടത്താൻ നമ്മളൊരിക്കലും മടി കാണിക്കരുത്. സ്വന്തം കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് ഗുണവും ദോഷവും മനസിലാക്കി ഏത് മേഖലയിലേക്ക് തിരിയണമെന്ന് തീരുമാനിക്കാൻ അത് സഹായിക്കും. എല്ലാ ജോലികളും മികച്ചത് തന്നെയാണ് എന്നറിയുക. അവ നമുക്ക് യോജിച്ചതാണോ എന്ന് തീരുമാനിക്കുന്നയിടത്താണ് പ്രശ്നമുണ്ടാവുന്നത്. നമ്മുടെ കഴിവുകളെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന, മനസ്സിന് സംതൃപ്തി നൽകുകയും ഒപ്പം ഇഷ്ടത്തോടെ ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന തൊഴിലുകളെയാണ് നാം തെരഞ്ഞെടുക്കേണ്ടത്. ഇത്രയൂം പഠിച്ചല്ലോ, ഇനി എന്തെങ്കിലും ഒരു ജോലി മതി എന്ന ചിന്തയുള്ളവർക്ക് മേൽപ്പറഞ്ഞ ഒന്നും തന്നെ ബാധകമല്ല എന്നുമറിയുക.
തൊഴിൽ എന്നത് നമ്മൾക്ക് വരുമാനം നൽകുന്ന ഒരു പ്രവൃത്തിയായി മാത്രം കാണരുത്. ഭാവിയിൽ നിങ്ങളുടെ ജീവിതത്തിന്റെ കൂടുതൽ സമയവും ഇഴ ചേർന്ന് പോകേണ്ടുന്ന വലിയൊരു പ്രക്രിയയാണ് തൊഴിൽ എന്ന് കൂടി മനസിലാക്കുക. അതുകൊണ്ട് തന്നെ, തൊഴിലിൻ്റെ തെരെഞ്ഞെടുപ്പിനെ നിസ്സാരമായി കാണരുത്. ഒരിക്കലും തൊഴിലവസരങ്ങൾ നമ്മളെ തേടി വരില്ല എന്നോർക്കണം, നമ്മൾക്കനുയോജ്യമായ തൊഴിലവസരം കണ്ടെത്തേണ്ടതും നേടിയെടുക്കേണ്ടതും നമ്മൾ തന്നെയാണ്. അതെ, ശേഷിയുള്ളവനായിരിക്കും ശേഷിക്കുക. അതിനായി ചിട്ടയായ തയ്യാറെടുപ്പുകൾ നമ്മുടെ ഭാഗത്ത് നിന്നുണ്ടായാൽ മാത്രമേ ജോബ് മാർക്കറ്റിൽ നമുക്ക് വിലയുണ്ടാവൂ.
തന്റെ ആഗ്രഹങ്ങളെ സ്വന്തം കഴിവുകളുമായി ഒത്തു നോക്കി തൊഴിൽ രംഗത്തെ മാറ്റങ്ങളെ സൂഷ്മമായി പഠിച്ച്, തൻ്റെ വിദ്യാഭ്യാസത്തിനനുസരിച്ച ഒരു ലക്ഷ്യത്തെ നമ്മൾ സെറ്റ് ചെയ്യണം. അതിനൊപ്പം കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ്, പോസിറ്റീവ് ചിന്താഗതി എന്നിവയെയും വളർത്തണം. ഒരു കാര്യം ഓർക്കുക, ആരുടെ മുന്നിലും അവസരങ്ങൾ അവസാനിക്കുന്നില്ല. നമ്മുടെ കഴിവനുസരിച്ചുള്ള അവസരങ്ങളെ നമ്മൾ കണ്ടെത്തി അതിനെ പാഷനും കരിയറുമാക്കുമ്പോഴാണ് സംതൃപ്തമായ ജോലി നമുക്ക് ലഭ്യമാവുന്നത് എന്ന തിരിച്ചറിവാണ് ഇന്നത്തെ കാലത്ത് ജോലി തേടുന്നവർക്ക് ഉണ്ടാവേണ്ടതും.
✍️ മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ R&D കോർഡിനേറ്റർ