ഒന്ന് ശ്രമിച്ച് നോക്കൂ..

ഒന്ന് ശ്രമിച്ച് നോക്കൂ..

ഈ ശീലങ്ങളെ ജീവിതത്തിൻ്റെ ഭാഗമാക്കിയാൽ അൽപ്പമെങ്കിലും മന:സമാധാനം കിട്ടാതിരിക്കില്ല…..

നമ്മളെല്ലാം ദു:ഖങ്ങളില്ലാത്ത ജീവിതം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ഇതൊക്കെ വെറും ആഗ്രഹം മാത്രമായി പലർക്കും തോന്നിപ്പോവുന്നു.
മനസ്സമാധാനത്തോടെയുള്ള ഒരു ജീവിതത്തിനായ് ഇപ്പോഴുള്ള ജീവിതത്തില്‍ നാം ചില ചില്ലറ മാറ്റങ്ങള്‍ വരുത്താൻ ശ്രമിച്ചാൽ അത് നടക്കാതിരിക്കില്ല.
താഴെ പറയുന്ന സിംപിള്‍ ശീലങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാൻ ശ്രമിച്ചാൽ സമാധാനപൂര്‍വ്വമായ ഒരു ജീവിതം ആസ്വദിക്കാൻ കഴിയാതിരിക്കില്ല:

  1. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വസ്തുക്കളെ ഉപേക്ഷിക്കൂ:

നിങ്ങള്‍ക്ക് ജീവിതത്തിൽ ആവശ്യമില്ലാത്ത വസ്തുക്കളെ വില്‍ക്കുകയോ, ആര്‍ക്കെങ്കിലും കൊടുക്കുകയോ, കളയുകയോ ചെയ്യുക. ഇത് മനസ്സിനെ ഏറെ ശാന്തമാക്കും. നിങ്ങൾക്കുള്ളത്, പക്ഷേ അത് നിങ്ങൾക്ക് വേണ്ടാത്തതാകാം; മറ്റുള്ളവർക്ക് ആവശ്യമുള്ളതാകാം.

  1. ജോലിയേക്കാള്‍ നിങ്ങള്‍ക്ക് തന്നെ പ്രാധാന്യം നല്‍കുക:

ജോലികൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്, പക്ഷെ അതിന് നിങ്ങളെക്കാള്‍ പ്രാധാന്യം നല്‍കരുത്. അതിനാല്‍ ദിവസത്തില്‍ നിങ്ങൾക്കായി അല്‍പ്പമെങ്കിലും സമയം കണ്ടെത്തുക. നിങ്ങളുടെ തടിയെ മറന്ന് കാശിന്നാർത്തി പൂണ്ട് ജോലി ചെയ്യരുത്.

  1. എല്ലാം ചിട്ടയോടെ ചെയ്യുക:

എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടെയും ചെയ്യുവാന്‍ ശ്രദ്ധിക്കുക.
നിങ്ങളുടെ ബില്ലുകള്‍ അടയ്ക്കുക, വസ്ത്രങ്ങള്‍ വൃത്തിയാക്കി അടുക്കി വയ്ക്കുക, കൈവശമുള്ള വസ്തുക്കളെ ശ്രദ്ധയോടെ ഒരു നിശ്ചിത സ്ഥലത്ത് സൂക്ഷിച്ച് വയ്ക്കുക. ഇതുവഴി അവയെ അന്വേഷിച്ച് നടന്ന് സമയം പാഴാക്കുന്നത് തടയുവാന്‍ സാധിക്കും.

  1. നിങ്ങള്‍ക്കാവശ്യമില്ലെങ്കില്‍ വേണ്ടെന്ന് വയ്ക്കൂ:

മനസ്സിനെ ശാന്തമായി നിലനിര്‍ത്തുവാന്‍ നിങ്ങള്‍ക്കാവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുകയോ കഴിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.
‘ഇത് എനിക്കിപ്പോള്‍ ആവശ്യമുണ്ടോ?’, ‘ഇത് എനിക്ക് പ്രയോജനപ്രദമാണോ?’ തുടങ്ങിയ ചോദ്യങ്ങള്‍ ഇത്തരം അവസരങ്ങളില്‍ സ്വയം ചോദിക്കുക. സ്വന്തത്തിനാവശ്യമുള്ളത് മാത്രം കൈപ്പിടിയിലാക്കാൻ ശ്രമിക്കുക.

  1. നിങ്ങളെ ഉന്മേഷഭരിതരാക്കുന്ന കാര്യങ്ങള്‍ നിത്യേന ചെയ്യുക:

പാട്ടുകേള്‍ക്കുക, വായിക്കുക, സാമൂഹ്യ സേവനം ചെയ്യുക, പ്രകൃതിയിലലിഞ്ഞ് നടക്കുക തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളെ ചെയ്യുവാന്‍ സമയം കണ്ടെത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഉന്മേഷവും ഉത്സാഹവും പ്രദാനം ചെയ്യപ്പെടും.

  1. എന്നും ചെയ്യുന്ന കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യുക:

നിങ്ങള്‍ നിത്യേനെ ചെയ്യുന്ന എല്ലാ കാര്യങ്ങളും സന്തോഷത്തോടെ ചെയ്യുവാന്‍ ശ്രമിക്കുക.
നിങ്ങള്‍ക്ക് ചെയ്യാന്‍ അധികം ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന നേരം ഇഷ്ടമുള്ള പാട്ടുകളോ മറ്റോ വെച്ച് അത് ചെയ്യൂ, നിങ്ങള്‍ക്ക് ആ കാര്യവും ഇഷ്ടത്തോടെ ചെയ്യുവാന്‍ സാധിച്ചേക്കും.

  1. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സാധനങ്ങളെ ശേഖരിക്കൂ:

പ്രശസ്തരായവരുടെയും മറ്റും പ്രചോദനം നല്‍കുന്ന വാക്കുകള്‍, കഥകള്‍, ചിത്രങ്ങള്‍, ബാലമാസികകൾ, ലേഖനങ്ങള്‍ എന്നിവയെല്ലാം ശേഖരിക്കാം. ഇതെല്ലാം നിങ്ങള്‍ മാനസികമായി തളര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഒന്നോടിച്ച് നോക്കുമ്പോ നിങ്ങളിൽ ഒരു റീചാർജിങ്ങിന് ഇടവരുത്തും.

  1. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളെക്കുറിച്ച് എഴുതൂ:

നമ്മുടെ ജീവിതത്തിലെ മോശം കാര്യങ്ങളെ നമ്മൾ കുറിച്ചിടാറുണ്ടാകും, എന്നാല്‍ നല്ല കാര്യങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവാന്‍ മറന്നു പോകാറുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കിയ കാര്യങ്ങളെ കുറിച്ചിടുകയോ അതില്‍ നന്ദി രേഖപ്പെടുത്തുകയോ ചെയ്യുന്നത് നിങ്ങളില്‍ സന്തോഷം ഉളവാക്കും. സന്തോഷക്കുറിപ്പുകൾക്ക് ഒരിടം നിങ്ങളുടെ എഴുത്ത് മൂലയിലുണ്ടാവട്ടെ.

  1. നിത്യവും ചായയ്ക്കും കാപ്പിക്കും പകരം ഇളം ചൂട് വെള്ളമോ ഗ്രീന്‍ ടീ യോ കുടിക്കാൻ ശ്രമിക്കുക:

ഈ പാനീയങ്ങള്‍ നിങ്ങള്‍ക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനോടൊപ്പം, കൂടുതല്‍ ആശ്വാസവും, ശാന്തതയും, ഉന്മേഷവും നല്‍കും.

  1. നിങ്ങള്‍ക്ക് നെഗറ്റീവ് ഇംപാക്റ്റ് നല്‍കുന്നവരുമായി സമ്പര്‍ക്കം ഒഴിവാക്കുക:

നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയോ മാനസികമായി തളര്‍ത്തുന്നതോ ആയ വ്യക്തികളുമായുള്ള സമ്പര്‍ക്കങ്ങളെ പരമാവധി ഒഴിവാക്കുക. ഇത് നിങ്ങളുടെ നല്ല മനസ്സിനും ശാന്തതയ്ക്കും സഹായമേകും. അകലം പാലിക്കലാണ് പ്രധാനം.

  1. പാചകം ചെയ്യൂ

പറ്റുമെങ്കിൽ അടുക്കളയിൽ കയറി, പല ചേരുവകള്‍ ചേര്‍ത്ത് ഒരു നല്ല രുചികരമായ വിഭവം തയ്യാറാക്കാൻ ശ്രമിക്കുന്നത് വളരെയധികം സന്തോഷം നല്‍കും. എന്തോ വെട്ടിപ്പിടിച്ച ഒരാളുടെ മനസ്സാകും അന്നേ നമുക്ക് ഉണ്ടാവുക.
അപ്പോൾ ഇന്നൊരു ഉഗ്രന്‍ വിഭവം ഉണ്ടാക്കി നോക്കിയാലോ? (ഉണ്ടാക്കാൻ ശ്രമിക്കുന്ന വിഭവത്തിനുള്ള ചേരുവകൾക്കാവശ്യമായ സാധനങ്ങൾ അടുക്കളയിലുണ്ടെന്ന് ഉറപ്പാക്കണേ)

  1. നിങ്ങള്‍ ചെയ്യുന്നതെന്തും ഇഷ്ടത്തോടെ ചെയ്യൂ:

അത് ശരിയാണോ അല്ല തെറ്റാണോ എന്നെല്ലാം ആലോചിച്ച് നില്‍ക്കാതെ, നിങ്ങളുടെ മനസ്സെന്ത് പറയുന്നുവോ അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക. സംശയിച്ച് നിൽക്കരുത്. ചെയ്യുന്ന എല്ലാ കാര്യങ്ങളും വളരെ ഇഷ്ടത്തോടെ ചെയ്യുകയും വേണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് ഏറെ ആത്മസംതൃപ്തി നല്‍കും.

മേപ്പടി 12 ശീലങ്ങളിൽ നിങ്ങൾക്ക് സാധ്യമാവുന്നവ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കുന്നവർക്ക് ടെൻഷൻ രഹിത ജീവിതത്തിൻ്റെ പടവുകൾ ഓരോന്നായി ചവിട്ടി മുന്നേറാനാകും എന്നതിൽ സംശയമില്ല..
എന്താ; ഒരു മാറ്റത്തിന് നിങ്ങളും ശ്രമിക്കയല്ലേ….

മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ
കരിയർ R&D ടീം
www.cigii.org