പ്രിയപ്പെട്ടവരെ, നിങ്ങള്‍ പരുന്തുകളെ (Eagles) ശ്രദ്ധിച്ചിട്ടുണ്ടോ?
തോല്‍വികളില്‍നിന്നു തോല്‍വികളിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമേകുന്ന അനേകം കാര്യങ്ങളെ നമുക്കു പരുന്തുകളില്‍ നിന്നും പഠിക്കാനാകും.
പരുന്ത് എപ്പോഴും ഉയര്‍ന്ന വിഹായസ്സിലൂടെ, ആകാശത്തിൽ മാത്രമേ പറക്കാറുള്ളൂ. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകായിരം പക്ഷികളെ പിന്നിലാക്കിക്കൊണ്ട് പരുന്ത് ആകാശത്തിന്‍റെ വിരിമാറ് പിളര്‍ന്നു മുകളിലേക്കു കുതിക്കും.
ആരുണ്ട് എന്നെ തോല്പിക്കുവാന്‍ എന്ന ഭാവത്തില്‍.
ഉയര്‍ന്നു പറക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കേ ജീവിതത്തില്‍ ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതാണ് പരുന്തുകളിൽ നിന്നുള്ള ഒന്നാമത്തെ പാഠം.
പരുന്തുകളുടെ ജീവിതത്തില്‍ നിന്നും പഠിക്കേണ്ട മറ്റൊരു കാര്യമുണ്ട്.
ഒരുപരുന്തും ഒരിക്കലും കുരുവികളുടെയോ മറ്റു ചെറിയ പക്ഷികളുടെ കൂടെയോ പറക്കാറില്ല. പരുന്ത് പരുന്തിനോടൊപ്പം മാത്രമേ പറക്കൂ.
അറിയുക, ജീവിതത്തില്‍ വിജയങ്ങളാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വിജയം ആഗ്രഹിക്കുന്നവരുമായി വേണം നിങ്ങള്‍ ഇടപഴകേണ്ടത്. കൂട്ട് കൂടേണ്ടത്. എല്ലാ കാര്യങ്ങളിലും കുറ്റങ്ങളും കുറവുകളും കാണുന്ന നെഗറ്റീവ് ചിന്താഗതിക്കാരുമായാണു നിങ്ങളുടെ സഹവാസമെങ്കില്‍ വിജയിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന നിങ്ങളുടെ ഉള്ളിലെ അഗ്നിയെ അണയ്ക്കുവാന്‍, തല്ലിക്കെടുത്താൻ അതു മതിയാകും.
പരുന്തുകളുടെ കാഴ്ചശക്തി അപാരമാണ്.
അഞ്ചു കിലോമീറ്റര്‍ ഉയരത്തിലൂടെ പറന്നാല്‍പ്പോലും ഇരയെ അതിനു തിരിച്ചറിയാനാകും. മാത്രമല്ല എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും അവയൊക്കെ മറികടന്ന് പരുന്തു തന്‍റെ ലക്ഷ്യമായ ഇരയെ റാഞ്ചിയിരിക്കും. ലക്ഷ്യബോധം ഉണ്ടാക്കുക മാത്രമല്ല ലക്ഷ്യ പൂർത്തീകരണവും നടത്തിയേ പരുന്തുകൾ വിശ്രമിക്കൂ.
ഇത്തരത്തില്‍ ജീവിതത്തെക്കുറിച്ചും ഒരു വ്യക്തമായ കാഴ്ചപ്പാട് നമ്മള്‍ക്ക് ഉണ്ടായിരിക്കണം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഞാന്‍ എവിടെ എത്തിച്ചേരണം? അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ സ്വന്തമാക്കേണ്ട ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്നിങ്ങനെ ജീവിതത്തെക്കുറിച്ചു വ്യക്തമായ ബോദ്ധ്യം നമ്മളില്‍ മൊട്ടിടുമ്പോള്‍ വിജയത്തിന്‍റെ പൂക്കള്‍ മണം പൊലിച്ചുകൊണ്ട് താനേ വിടരും.
ഒരു പരുന്തും ഒരിക്കലും ചത്തതോ, ആരെങ്കിലും മിച്ചം വച്ചതോ ആയ ഇരകളെ ഭക്ഷിക്കാറില്ല.
നമ്മുടെ ജീവിതത്തിലും നമ്മുടെ കുടുംബമഹിമയെപ്പറ്റിയോ, പിതാവിന്‍റെ മേന്മയെപ്പറ്റിയോ വമ്പു പറയാതെ നമ്മളുടേതായ രീതിയില്‍ പുതുതായി എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിക്കുക. പുതുവഴി വെട്ടി മുന്നേറുന്നവരാകാൻ ശ്രമിക്കണം.
കൊടുങ്കാറ്റ് ഇഷ്ടപ്പെടുന്ന ഏക പക്ഷിയാണു പരുന്തുകൾ.
കൊടുങ്കാറ്റ് ഉണ്ടാകുമ്പോള്‍ മറ്റു പക്ഷികള്‍ പേടിച്ചരണ്ട് മാളങ്ങളിലൊളിക്കും. എന്നാല്‍ ഈ വെല്ലുവിളിയെ ഒരു അവസരമായാണു പരുന്തുകൾ കാണുന്നത്. കൊടുങ്കാറ്റിനൊപ്പം പരുന്തുകൾ ഉയര്‍ന്നു വട്ടമിട്ട് പറക്കും. എന്നിട്ട് തന്‍റെ ചിറകുകള്‍ വിടര്‍ത്തി വെറുതെ നില്ക്കും. അങ്ങനെ കാറ്റിന്‍റെ ശക്തിയാല്‍ പരുന്തുകൾ ചിറകടിക്കാതെ കിലോമീറ്ററുകളോളം പറക്കുന്നു.
ജീവിതത്തില്‍ വിജയിച്ചവരെല്ലാം തന്നെ തങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുള്ള പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയവരാണ്. നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുകളുണ്ടാകാം. പക്ഷേ, പരാജയങ്ങളുടെ കാലത്താണു ഭാവി വിജയത്തിന്‍റെ വിത്തുകള്‍ ഏറ്റവും നന്നായി പാകുവാന്‍ നമുക്കു സാധിക്കുന്നത്. പരാജയപ്പെടാനല്ല നമ്മുടെ ശ്രമം, വിജയിക്കാനാണ്.
പരുന്ത് മുട്ടയിടുവാന്‍ സമയമാകുമ്പോള്‍ ആണ്‍പരുന്തും പെണ്‍പരുന്തുംകൂടി സുരക്ഷിതമായ ഒരു സ്ഥലം കണ്ടുപിടിക്കും. ശത്രുക്കള്‍ക്ക് ഒരിക്കലും കടന്നുവരാന്‍ സാധിക്കാത്ത തരത്തില്‍ ഏതെങ്കിലും ഉയര്‍ന്ന മരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ശിഖരത്തിലായിരിക്കും അവര്‍ കൂടു കൂട്ടുക.
പലപ്പോഴും നമ്മുടെ ജീവിതത്തില്‍ പരാജയങ്ങൾ ഉണ്ടാകുന്നതിനു കാരണം നാം കെട്ടുന്ന കൂടുകള്‍ക്ക് അല്ലെങ്കില്‍ ഏര്‍പ്പെടുന്ന പ്രവൃത്തികള്‍ക്ക് ബലം കുറവായത്/സുരക്ഷയില്ലാത്തത് കൊണ്ടാണ്.
ഏതൊരു പ്രവൃത്തി ചെയ്യുവാന്‍ പോകുമ്പോഴും നാം ചെയ്യുന്ന പ്രവൃത്തിയുടെ അടിത്തറ ഉറപ്പുള്ളതാണോ എന്നു പരിശോധിക്കുക.
പരുന്തിൻ കുഞ്ഞുങ്ങള്‍ പറക്കമുറ്റാറാകുമ്പോള്‍ തള്ളപ്പക്ഷി അവയെ കൊത്തി കൂടിനു വെളിയിലേക്കിടും. കുഞ്ഞുങ്ങള്‍ ബലമില്ലാത്ത തങ്ങളുടെ ചിറകുപയോഗിച്ചു പറക്കുവാന്‍ ശ്രമിക്കും. പക്ഷേ, സാധിക്കാതെ അവ കൂട്ടില്‍ നിന്നും താഴേയ്ക്കു വീഴും. അവയുടെ കുഞ്ഞു ചിറകുകള്‍ മുറിഞ്ഞ് അതില്‍നിന്നും രക്തം ധാരധാരയായി ഒഴുകും. പക്ഷേ, ഇതൊന്നും കണ്ടു തള്ളപ്പക്ഷിയുടെ മനമലിയില്ല. കുഞ്ഞു പരുന്ത് നന്നായി പറക്കുവാന്‍ തുടങ്ങുന്നതുവരെ ഈ പ്രവൃത്തി തുടരും. കാരണം തള്ളപ്പരുന്തിനറിയാം നാളെകളില്‍ ജീവിതത്തിലുണ്ടാകുവാന്‍ പോകുന്ന വലിയ വെല്ലുവിളികളെയും പ്രയാസങ്ങളെയും നേരിടണമെങ്കില്‍ ഇത്തരം പരീക്ഷണങ്ങളിലൂടെ കുഞ്ഞു പരുന്ത് കടന്നുപോയേ തീരൂ എന്ന്.
നമ്മുടെ ജീവിതത്തില്‍ നമ്മോടു സ്നേഹമുള്ളവരും മാതാപിതാക്കളും സഹപ്രവര്‍ത്തകരും അദ്ധ്യാപകരും മേലധികാരികളുമൊക്കെ വിഷമങ്ങളുടേതായ മുള്ളുകള്‍ വിതറിയേക്കാം. അപ്പോള്‍ വിശ്വസിക്കുക, ഈ പ്രയാസങ്ങള്‍ എന്നെ പഠിപ്പിക്കുന്നതു ജീവിതത്തിന്‍റെ കയ്പേറിയ മുഖത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന പാഠമാണ്.
പരുന്തിനു പ്രായമാകുമ്പോള്‍ അവയുടെ തൂവലുകള്‍ക്കു കനം കൂടും. കനം കൂടിയ ചിറകുകളുമായി പരുന്തിന് ഉയര്‍ന്നു പറക്കുവാന്‍ സാധിക്കുകയില്ല ഈ അവസരത്തില്‍ എല്ലാ ലൗകിക ബന്ധങ്ങളില്‍ നിന്നും മുക്തനായി അങ്ങകലെയുള്ള ഒറ്റപ്പെട്ട പാറക്കൂട്ടങ്ങളിലേക്കു പരുന്തുകൾ പ്രയാണം ചെയ്യും.
അവിടെവച്ചു പരുന്തു തന്‍റെ തൂവലുകള്‍ ഒന്നൊന്നായി കൊത്തിപ്പറിക്കും. പിന്നീടു പുതിയ തൂവലുകള്‍ മുളച്ചുവരുന്നതുവരെ ഒരു കാത്തിരിപ്പാണ്. അവസാനം ഭാരം കുറഞ്ഞ തന്‍റെ പുത്തന്‍ തൂവലുകളുമായി, ചിറകടിച്ച് ആകാശത്തിന്‍റെ അനന്തവിഹായസ്സിലേക്ക് അവന്‍ കുതിച്ചുയരും.
ഇതുപോലെ നമ്മുടെ ജീവിതവിജയത്തിനും ഒട്ടേറെ പുതിയ കഴിവുകള്‍ നമുക്ക് ആവശ്യമാണ്.
ഇത്തരത്തില്‍ ജീവിതവിജയത്തിനാവശ്യമായ സദ്ഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടു വിജയത്തിന്‍റെ ആകാശത്തിലേക്കു നിങ്ങളും കുതിച്ചുയരുക.
നമ്മിലെ നഷ്ടബോധത്തിന്‍റെ ഇന്നലെകളെ ഇതോടെ അവസാനിപ്പിക്കുക, നാളത്തെ സൂര്യോദയത്തിനൊപ്പം മനസ്സിലും കുറിച്ച് വെക്കുക….
വിജയം എന്‍റേതാണ്. എന്‍റെത് മാത്രം എന്ന്…
പരുന്തുകൾ പഠിപ്പിക്കുന്ന പാഠങ്ങൾ ഉൾക്കൊണ്ട് ഞാനും ഉയരങ്ങളിലെത്തുമെന്ന് പ്രതിജ്ഞയെടുത്ത് മുന്നേറാൻ ശ്രമിക്കുക…
✍️ മുജീബുല്ല KM
കരിയർ R&D ടീം
സിജി ഇൻ്റർനാഷനൽ
www.cigii.org