കപ്പൽ ജോലികൾക്കുള്ള നിരവധി വഴികൾ
തീവണ്ടിയും വിമാനങ്ങളുമൊക്കെ വ്യാപകമായതോടെ കപ്പല്‍യാത്രയുടെ പ്രാധാന്യം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും കടല്‍ വഴിയുള്ള ചരക്കുനീക്കം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ടിപ്പോള്‍. രാജ്യാന്തര വാണിജ്യത്തിന്റെ സിംഹഭാഗവും കടല്‍വഴിയാണ് നടക്കുന്നത്. ലോകം മുഴുവനും ചരക്കെത്തിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് പടുകൂറ്റന്‍ കപ്പലുകള്‍ നമ്മുടെ കടലുകളിലൂടെ രാവും പകലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ കപ്പലുകളിലെല്ലാമായി ലക്ഷക്കണക്കിന് പേര് ജോലി ചെയ്യുന്നുമുണ്ട്. മര്‍ച്ചന്റ് നേവി എന്ന കരിയര്‍ ശാഖയുടെ പിറവിക്ക് കാരണവും ഈ കച്ചവടക്കപ്പലുകള്‍ തന്നെ.
എന്താണീ മര്‍ച്ചന്റ് നേവി
രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ കാത്തുസംരക്ഷിക്കുകയെന്ന ദൗത്യമാണ് നേവി അഥവാ നാവികസേനയ്ക്കുളളത്. എന്നാല്‍ രാജ്യാതിര്‍ത്തികള്‍ കടന്നുളള കപ്പലുകളുടെ യാത്രയ്ക്ക് നേതൃത്വം വഹിക്കുന്ന വിഭാഗത്തെയാണ് മര്‍ച്ചന്റ് നേവി എന്ന് വിളിക്കുന്നത്. ഏതെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക സേനാവിഭാഗത്തില്‍ പെടുന്നവരല്ല ഇവര്‍. കപ്പല്‍ യാത്ര സംബന്ധിച്ചുളള രാജ്യാന്തരക്കരാറുകളും ഉടമ്പടികളും പാലിച്ചുകൊണ്ട് വിവിധ തുറമുഖങ്ങളിലടുപ്പിച്ചുകൊണ്ട് വാണിജ്യഇടപാടുകള്‍ നടത്തുകയെന്നതാണ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യം. യാത്രാക്കപ്പലുകള്‍, കാര്‍ഗോ ലൈനറുകള്‍, എണ്ണ ടാങ്കറുകള്‍ എന്നിവയിലെല്ലാം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ട്. സാങ്കേതിക പരിജ്ഞാനവും കടല്‍ ഗതാഗത അറിവുമുള്ള ഇവരില്ലാതെ ഒരു കപ്പലിനും നീങ്ങാനാവില്ല.
കൈയില്‍ വേണ്ടത്
ലക്ഷങ്ങള്‍ പ്രതിമാസ ശമ്പളം കിട്ടുന്ന ജോലിയാണ് മര്‍ച്ചന്റ് നേവി എന്ന് എല്ലാവര്‍ക്കുമറിയാം. കൊച്ചുകുട്ടികളെ പോലും ആകര്‍ഷിക്കുന്ന ഗ്ലാമര്‍ പരിവേഷവും ഈ കരിയറിനുണ്ട്. പക്ഷേ എല്ലാവര്ക്കും പറ്റിയതല്ല കടലിലെ ജോലി എന്ന് മനസിലാക്കണം. രാവിലെ പത്ത് മുതല്‍ അഞ്ച് വരെ നീളുന്ന ഓഫീസ് ജോലിയല്ല ഇത്. ഭൂഖണ്ഡങ്ങള്‍ തോറും മാസങ്ങള്‍ നീളുന്ന യാത്രയാണ് മര്‍ച്ചന്റ് നേവി ജോലിയുടെ പ്രധാന വൈഷമ്യം. കടല്‍ യാത്രയെന്ന് കേള്‍ക്കുമ്പോള്‍ രസമായി തോന്നുമെങ്കിലും കരയില്‍ നിന്ന് അല്പം വിട്ടുനിന്നാല്‍ മനസിലാകും അതിന്റെ ബുദ്ധിമുട്ടുകള്‍. ഒരിക്കല്‍ കപ്പലില്‍ കയറിയാല്‍ ആറുമാസം മുതല്‍ ഒമ്പത് മാസം വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരും. അതിനിടയ്ക്ക് ഓഫും ലീവുമൊന്നും കിട്ടില്ല. മനക്കരുത്തും ആരോഗ്യശേഷിയുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടൊരു തൊഴിലാണിത്. രക്തത്തില്‍ അല്പം സാഹസികമനോഭാവവും അറിയാത്ത നാടുകള്‍ കാണാനുളളള മോഹവുമൊക്കെയുള്ളവര്‍ക്ക് ഈ കരിയറില്‍ ശോഭിക്കാനാകും. ഒറ്റയ്ക്കും ടീമായും പ്രവര്‍ത്തിക്കാനുള്ള കഴിവ്, പെട്ടെന്ന് തീരുമാനമെടുക്കാനുളള ശേഷി, നേതൃത്വപാടവം എന്നിവയും അത്യാവശ്യമാണ്. ഏറ്റവും പ്രധാനം ഉറ്റവരെയും സുഹൃത്തുക്കളെയുമൊക്കെ ഉപേക്ഷിച്ച് ആറുമാസം കടലില്‍ നില്‍ക്കാനുള്ള മനക്കട്ടിയാണ്. ജോലിക്ക് കയറി അടുത്തയാഴ്ച നാട്ടില്‍ പോകണമെന്ന് തോന്നിയാല്‍ കടലില്‍ ചാടി നീന്തുകയേ പോംവഴിയുണ്ടാകൂ. രാവും പകലുമുള്ള ഷിഫ്റ്റുകളിലായി എല്ലു മുറിയെ അധ്വാനിക്കാന്‍ സന്നദ്ധരായവര്‍ മാത്രം ഈ കരിയര്‍ തിരഞ്ഞെടുത്താല്‍ മതി. മികച്ച കാഴ്ചശക്തിയും ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്.
പല വിഭാഗങ്ങള്‍, പലതരം ജോലികള്‍
മര്‍ച്ചന്റ് നേവി എന്ന് വിശാല അര്‍ഥത്തില്‍ പറയുമെങ്കിലും കപ്പലിനുള്ളില്‍ തന്നെ നൂറിലേറെ വ്യത്യസ്ത വിഭാഗങ്ങളിലായി ജോലികളുണ്ട്. കപ്പല്‍ ജോലിയെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തരം തിരിക്കാം. ഡെക്ക്, എഞ്ചിന്, സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയാണത്. ക്യാപ്റ്റന്‍, ചീഫ് ഓഫീസര്‍, സെക്കന്‍ഡ് ഓഫീസര്‍, തേഡ് ഓഫീസര്‍, ജൂനിയര്‍ ഓഫീസര്‍മാര്‍ എന്നിവരെല്ലാം ഡെക്ക് വിഭാഗത്തില്‍ പെടുന്നു. ചീഫ് എഞ്ചിനിയര്‍, റേഡിയോ ഓഫീസര്‍, ഇലക്ട്രിക്കല്‍ ഓഫീസര്‍, ജൂനിയര്‍ എഞ്ചിനിയര്‍മാര്‍ എന്നിവരാണ് എഞ്ചിന് വിഭാഗത്തിലെ പ്രധാനികള്‍. സര്‍വീസ് വിഭാഗത്തിലാണ് കിച്ചന്, ലോണ്ട്റി, മെഡിക്കല്‍, മറ്റ് സേവനവിഭാഗങ്ങള്‍ എന്നിവയൊക്കെ പെടുന്നത്. ഈ ജോലികളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കണമെങ്കില്‍ അതിന് പറ്റിയ കോഴ്സുകള്‍ ചെയ്യേണ്ടതുണ്ട്.
കപ്പലിന്റെ മുഴുവന്‍ ചുമതലയും ക്യാപ്റ്റന്റെ പക്കല്‍ നിക്ഷിപ്തമാണ്. ക്യാപ്റ്റന്‍ തൊട്ടുതാഴെയുളള ഉദ്യോഗസ്ഥനാണ് ഫസ്റ്റ് മേറ്റ് എന്ന് അറിയപ്പെടുന്ന ചീഫ് ഓഫീസര്‍. ഡെക്കിലെ കീഴ്ജീവനക്കാര്‍ക്ക് ജോലികള്‍ വീതിച്ചുകൊടുക്കുക, കപ്പലില്‍ അച്ചടക്കം ഉറപ്പുവരുത്തുക എന്നതൊക്കെയാണ് ചീഫ് ഓഫീസറുടെ പ്രധാനജോലികള്‍. ചീഫ് ഓഫീസര്‍ക്ക് താഴെയാണ് സെക്കന്‍ഡ് ഓഫീസര്‍ പദവി. കപ്പലിന്റെ ദിശാസൂചികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക, ആവശ്യമായ ചാര്‍ട്ടുകള്‍ തയ്യാറാക്കുക, തുറമുഖങ്ങളുമായുളള ഇ-മെയില്‍ ഇടപാടുകള്‍ നടത്തുക എന്നതൊക്കെയാണ് ഇവരുടെ ജോലി. കപ്പലിലെ സുരക്ഷാസംവിധാനങ്ങളുടെ പൂര്‍ണചുമതല തേഡ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ജൂനിയര്‍ ഓഫീസര്‍മാരുമുണ്ടാകും.
ഇനി എഞ്ചിന് വിഭാഗത്തിലെ ജോലികള്‍ നോക്കാം. കപ്പലിന്റെ എഞ്ചിന് മുറിയുടെ പൂര്‍ണ ഉത്തരവാദിത്തം ചീഫ് എഞ്ചിനിയറുടെ ചുമലിലാണ്. വിവിധ തരത്തിലുളള എഞ്ചിനുകള്‍, ബോയ്ലറുകള്‍, കപ്പലിനുള്ളിലെ ഇലക്ട്രിക്കല്‍ വയറിങ്, സാനിട്ടറി സംവിധാനങ്ങള്‍ എന്നിവയെല്ലാം സംരക്ഷിക്കേണ്ടതിന്റെ നേതൃത്വം ചീഫ് എഞ്ചിനിയര്‍ക്കാണ്. ഇദ്ദേഹത്തെ സഹായിക്കാനായി സെക്കന്‍ഡ്,തേഡ്,ഫോര്‍ത്ത്,ഫിഫ്ത്ത് എഞ്ചിനിയര്‍മാരും ജൂനിയര്‍ ഓഫീസര്‍മാരുമുണ്ടാകും. കപ്പലിലെ വയര്‍ലെസ് സംവിധാനവും സിഗ്നല്‍ പ്രക്ഷേപണവുമൊക്കെ നിയന്ത്രിക്കുന്ന ജോലിയാണ് റേഡിയോ ഓഫീസറുടേത്. കപ്പലിലെ വയറിങ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യുക എന്നതാണ് ഇലക്ട്രിക്കല്‍ ഓഫീസറുടെ ജോലി.
കപ്പല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സമയാസമയങ്ങളില്‍ ഭക്ഷണമുണ്ടാക്കി വിളമ്പുക, അവരുടെ വസ്ത്രങ്ങള്‍ അലക്കുക, മുറികള്‍ വൃത്തിയാക്കുക എന്നതൊക്കെ സര്‍വീസ് വിഭാഗത്തിന്റെ ജോലികളില്‍ പെടുന്നു.
എന്ത് പഠിക്കണം?
പത്താം ക്ലാസ് കഴിഞ്ഞും പ്ലസ്ടു കഴിഞ്ഞും ചേരാവുന്ന പല കോഴ്സുകള്‍ പൂര്‍ത്തിയാക്കിയാല്‍ കപ്പലുകളില്‍ ജോലി നേടാനാകും. ഇതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഓഫീസിന്റെ അംഗീകാരമുള്ള നിരവധി കോഴ്സുകള്‍ സര്‍ക്കാര്‍,സ്വകാര്യമേഖലകളിലായി നടക്കുന്നു. പലതരത്തിലുള്ള സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ,എഞ്ചിനിയറിങ് കോഴ്സുകള്‍ കപ്പല്‍ജോലിക്കാര്‍ക്കായി നടത്തുന്നുണ്ട്. ആദ്യം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളെക്കുറിച്ച് പറയാം.
പ്രീ-സീ ട്രെയിനിങ്: ജനറല്‍ പര്‍പ്പസ് ട്രെയിനിങ് (ജി.പി.ടി.) എന്നും പേരുളള ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആറുമാസം ദൈര്‍ഘ്യമുള്ളതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ 40 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായ 17നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. കപ്പല്‍ എഞ്ചിന്റെ പരിപാലനവും ഡെക്കിലെ ജോലികളുമാണ് പാഠ്യവിഷയങ്ങള്‍. ഇതിന് പുറമെ മൂന്ന് മാസത്തെ ഡെക്ക് റേറ്റിങ് പ്രീ-സീ കോഴ്സ്, എഞ്ചിന് റേറ്റിങ് പ്രീ-സീ കോഴ്സ്, നാല് മാസത്തെ സലൂണ്‍ റേറ്റിങ് പ്രീ-സീ കോഴ്സ് എന്നിവയുമുണ്ട്.
ഡെക്ക് കേഡറ്റായാണ് ജോലി ആഗ്രഹിക്കുന്നതെങ്കില്‍ നോട്ടിക്കല്‍ സയന്‍സില്‍ ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്സിന് ചേരാനാകും.
കപ്പലില്‍ എഞ്ചിനിയര്‍ ഗ്രേഡിലുളള ജോലിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ബി.ഇ. മറൈന്‍ എഞ്ചിനിയറിങ്, ബി.എസ്.സി. നോട്ടിക്കല്‍ ടെക്നോളജി, ബി.എസ്.സി. നോട്ടിക്കല്‍ സയന്‍സ്, എന്നീ കോഴ്സുകളില്‍ ഏതെങ്കിലും ചെയ്യണം. ആര്‍ട്സ് വിഷയങ്ങളില്‍ ഡിഗ്രി കഴിഞ്ഞിറങ്ങിയവര്‍ക്ക് ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സില്‍ എം.ബി.എ. ചെയ്തുകൊണ്ട് കപ്പലുകളില്‍ ജോലിക്ക് കയറാം.
എവിടെ പഠിക്കാം
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ കേന്ദ്രസര്‍വകലാശാലയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു.). ഐ.എം.യുവിന്റെ കീഴിലായി ടി.എസ്. ചാണക്യ, മറൈന്‍ എഞ്ചിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എല്‍.ബി.എസ്. കോളേജ് എന്നീ മൂന്ന് ക്യാമ്പസുകള്‍ മുംബൈയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ കൊല്‍ക്കത്ത, വിശാഖപ്പട്ടണം, കാരയക്കല്‍, കാണ്ട്ല, കൊച്ചി എന്നിവിടങ്ങളിലും ഐ.എം.യുവിന് ക്യാമ്പസുകളുണ്ട്. കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനിയേഴ്സ് ലിമിറ്റഡ്, ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം ട്രെയിനിങ്, കന്യാകുമാരിയിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ ധാരാളം സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ കോഴ്സുകള്‍ നടത്തുന്നു.
കോയമ്പത്തൂര്‍ മറൈന്‍ കോളേജ്, ഭുവനേശ്വറിലെ സി.വി.രാമന് കോളേജ് ഓഫ് എഞ്ചിനിയറിങ്, ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം ട്രെയിനിങ്, ഉത്തര്‍പ്രദേശിലെ ഇന്റര്‍നാഷനല്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, പൂനെയിലെ മഹാരാഷ്ട്ര അക്കാദമി ഓഫ് നേവല്‍ എജ്യുക്കേഷന്‍, മംഗലാപുരത്തെ മാംഗ്ലൂര്‍ മറൈന്‍ കോളേജ് ആന്‍ഡ് ടെക്നോളജി, കോയമ്പത്തൂരിലെ പാര്‍ക്ക് മാരിടൈം അക്കാദമി, മധുരൈയിലെ ആര്.എല്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോട്ടിക്കല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളില്‍ ഐ.എം.യു. അംഗീകാരത്തോടെ ബി.ടെക് മറൈന്‍ എഞ്ചിനിയറിങ് കോഴ്സ് നടത്തുന്നുണ്ട്.
✍️ മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ ടീം