PSC മാത്രമല്ല സർക്കാർ ജോലികൾക്ക് SSC യുമുണ്ട്

PSC മാത്രമല്ല സർക്കാർ ജോലികൾക്ക് SSC യുമുണ്ട്

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC)

കേന്ദ്ര സർക്കാർ സർവീസിലെ ഭൂരിപക്ഷം ജീവനക്കാരെയും തിരഞ്ഞെടുക്കുന്ന ഏജൻസിയാണ് ഇപ്പോൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ.
പ്രധാനമായും CGL (ഡിഗ്രി മതി), CHSL(+2), MTS (10th) എന്നീ പരീക്ഷകളാണ് എസ്.എസ്.സി നടത്തുന്നത്.
സി.ബി.ഐയിൽ സബ് ഇൻസ്‌പെക്ടറാവണം, ഇൻകംടാക്സിൽ ജോലി വേണം, NIA ഉദ്യോഗസ്ഥനാകണം, കസ്റ്റംസിൽ കയറണം എന്നൊക്കെ മോഹങ്ങൾ പ്രകടിപ്പിക്കുകയും അതിനായി എന്ത് ചെയ്യണമെന്ന് രൂപമില്ലാതിരിക്കുകയും ചെയ്യുന്നവരോട് പറയാനുള്ളത് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനങ്ങളെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കണം.
Customs, Central Excise, Vigilance, NIA എന്നിവയിലേക്ക് മാത്രമല്ല കേന്ദ്ര സർക്കാരിലെ മർമ്മസ്ഥാപനങ്ങളിലേക്കും SSC വഴി ജോലി കിട്ടും.
അറിയുക…. വെറുതെ പോയി പരീക്ഷ എഴുതിയത് കൊണ്ട് കാര്യമില്ല. നന്നായി പഠിച്ച് പരിശീലിച്ച് പരീക്ഷകൾ എഴുതണം.
https://ssc.nic.in/ എന്ന വെബ്സൈറ്റിൽ പരീക്ഷ സംബന്ധമായ വിവരങ്ങൾ ലഭ്യമാണ്.

എന്തു കൊണ്ട് നാം SSC പരീക്ഷകൾക്ക് മുൻഗണന കൊടുക്കണം?

പി.എസ്.സി വിജ്ഞാപനവും, പരീക്ഷയും, നിയമനവുമെല്ലാം വളരെ സാവധാനം (ഒരു പക്ഷെ വർഷങ്ങൾ) എടുത്ത് നടക്കുന്ന പ്രക്രിയയാണ്. എന്നാൽ തികച്ചും വ്യത്യസ്ഥമായി SSC വിജ്ഞാപനം വന്നു കഴിഞ്ഞാൽ 3 മാസത്തിനകം പരീക്ഷയും 6 മാസത്തിനു ശേഷം റിസൾട്ടും വരും. ഇൻ്റർവ്യൂ പോലുമില്ല. അതായത് നന്നായി അദ്ധ്വാനിക്കുന്ന ഒരാൾക്ക് ഒരു വർഷത്തിനകം ജോലിയിൽ പ്രവേശിക്കാമെന്ന് സാരം. SSC ക്ക് പഠിച്ചു കഴിഞ്ഞാൽ കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഏകദേശം എല്ലാ പരീക്ഷകളും (SSC നടത്തുന്നതല്ലാത്ത പരീക്ഷകളും ഉണ്ട്. ഉദാ: Railway) എഴുതാൻ സാധിക്കും. കൂടാതെ കേരള പി.എസ്.സി പരീക്ഷകൾ വളരെ ലളിതമാകുകയും ചെയ്യും. ഈയടുത്ത് പ്രസിദ്ധീകരിച്ച വിവര പ്രകാരം 2018-19 വർഷത്തിൽ രണ്ടര ലക്ഷത്തിലധികം നിയമനങ്ങളാണ് കേന്ദ്ര സർവീസിൽ നടന്നത്. പി.എസ്.സി വഴി 37000 നടുത്ത് മാത്രവും.
അതായത് എസ്.എസ്.സിക്ക് പഠിച്ചാൽ പി.എസ്.സിയും വേണമെങ്കിൽ കൂടെ പോരും.

ബുദ്ധിയും സാമർത്ഥ്യവുമുള്ള കുട്ടികൾ നമുക്കിടയിലുണ്ട് എന്ന കാര്യം ഇതിനകം തെളിഞ്ഞതാണ്. ശരാശരിക്കാരായ വിദ്യാർത്ഥികൾക്ക് പോലും മനസ്സുവെച്ചാൽ കീഴടക്കാവുന്നതേയുള്ളു ഈ തൊഴിലുകളെല്ലാം.
പക്ഷെ കേന്ദ്ര സർവീസിനെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് പ്രശ്നം. ഈ പ്രശ്നം പരിഹരിക്കാൻ സിജിയുടെ C4C സർക്കിളുകൾ സഹായിക്കുന്നുണ്ട്.

ഒരു സർക്കാർ ജോലി നേടാൻ ആദ്യമായി വേണ്ടത് I am ready എന്ന ചിന്തയാണ്. അത് നമുക്കൊന്നും എത്തിപ്പിടിക്കാൻ പറ്റുന്നതല്ല എന്ന ചിന്തയെ മാറ്റണം. എന്നാൽ വഴികളും അവസരങ്ങളും മുന്നിൽ തെളിഞ്ഞു വരും.
ആത്മവിശ്വാസവും കഠിന പ്രയത്നവും നിങ്ങൾക്ക് കൈമുതലായുണ്ടെങ്കിൽ സുരക്ഷിതത്വമേകുന്ന ഒരു സർക്കാർ ജോലി നിങ്ങളുടെ കൈപ്പിടിയിലെത്തിക്കാം..
നമുക്ക് അതിനായി ശ്രമിക്കാം. വരും നാളുകൾ നമ്മുടെതായി നമുക്ക് മാറ്റാം.

✍️ മുജീബുല്ല KM

സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം